കളമശേരി: നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫുമായി സഹകരിക്കില്ലെന്ന് മുസ്ലിം ലീഗ് കളമശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.എം.എ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനം.

നഗരസഭയിലെ മുനിസിപ്പൽ പാർക്ക് ഉപദേശകസമിതിയിലേക്ക് മൂന്ന് അംഗങ്ങളുള്ള മുസ്‌ലിം ലീഗിന്റെ പ്രതിനിധിയെ ഒഴിവാക്കുകയും ഏക അംഗം ബി. ജെ. പി പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനത്തിലുള്ള പ്രതിഷേധമാണിത്. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഡി.സി.സി പ്രസിഡന്റിനും പരാതി നൽകാൻ യോഗം തീരുമാനിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ കൂട്ടുനിന്ന പി.എ.അബ്ദുള്ള, കെ.എം.മുഹമ്മദ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും തീരുമാനമെടുത്തു.

.

ജില്ലാ ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.എം അബ്ബാസ്, സെക്രട്ടറിമാരായ എം.പി അഷറഫ് മൂപ്പൻ, ഇ.എം അബ്ദുൽ സലാം, ടൗൺ ജനറൽ സെക്രട്ടറി പി. ഇ അബ്ദുൽ റഹീം, യുഡിഎഫ് മണ്ഡലം കൺവീനർ എ.പി ഇബ്രാഹിം, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ പി സുബൈർ, മണ്ഡലം പ്രസിഡണ്ട് പി.എം ഫൈസൽ, ടൗൺ പ്രസിഡണ്ട് സലീം കാരുവള്ളി, മണ്ഡലം സെക്രട്ടറി സി.എ അബ്ദുൽ കരീം, ടൗൺ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ്, സെക്രട്ടറി സിദ്ധീഖ് ചെങ്ങണ്ടറ, വി എസ് അബൂബക്കർ , നഗരസഭ വൈസ് ചെയർ പേഴ്സൺ സൽമ അബൂബക്കർ , കൗൺസിലർ സൽമത്ത് സെയ്ത് തുടങ്ങിയവർ പങ്കെടുത്തു..