dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ചോദ്യം ചെയ്യുന്നത്.

കളമശേരിയിലെ ഓഫീസിൽ ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും അനൂപ് എത്തിയിരുന്നില്ല. ബന്ധു മരിച്ചെന്ന കാരണം പറഞ്ഞാണ് ഒഴിവായത്. തുടർന്ന് വീട്ടിൽ നോട്ടീസ് പതിച്ചു. ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിനും നോട്ടീസ് നൽകിയിട്ടുണ്ട്.

ഹൈക്കോടതി നിർദ്ദേശപ്രകാരം കൈമാറിയ അനൂപിന്റെ ഫോൺ പരിശോധിച്ചതിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇവയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. മറ്റു ഫോണുകളുടെ പരിശോധനാഫലം വൈകാതെ ലഭിക്കും. തുടർന്ന് ദിലീപിനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.