d

കൊച്ചി: ജില്ലയിൽ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുകൂടി ബഡ്സ് സ്‌കൂൾ തുടങ്ങാൻ അനുമതി നൽകി. കൊച്ചി കോർപറേഷൻ, കളമശേരി നഗരസഭ, എടവനക്കാട്, വരാപ്പുഴ, ഒക്കൽ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്കാണ് അനുമതി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്സ് ജില്ലാതല ഉപദേശക സമിതി യോഗമാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോണാ മാസ്റ്റർ, പി.ഡ.ബ്യു.ഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി കുട്ടി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ അനിൽ കുമാർ, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.