തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര ഊട്ടുപുര ഹാളിന് സമീപം ഫ്ലാറ്റ് നിർമ്മാണ സൈറ്റിൽ വിവിധ യൂണിയനുകളിലെ തൊഴിലാളികൾ ഏറ്റുമുട്ടി. ഇന്നലെ രാവിലെ ഒമ്പതിന് സിദ്ധി ഹോംസിന്റെ സൈറ്റിൽ ബി.എം.എസ്, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾ തമ്മിലായിരുന്നു സംഘർഷം.

സൈറ്റിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ജോലി ആവശ്യപ്പെട്ട് ബി.എം.എസുകാരും എത്തിയതോടെ രണ്ട് ദിവസമായി തർക്കമുണ്ടായിരുന്നു. നിർമ്മാണവും തടസപ്പെട്ടു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടറുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല.

ഇന്നലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളികൾ ജോലിക്ക് കയറാൻ എത്തിയപ്പോൾ മുദ്രാവാക്യം മുഴക്കി ബി.എം.എസ് തൊഴിലാളികളും സ്ഥലത്തെത്തി. ഇവരെ തടയാൻ ഗേറ്റ് പൂട്ടിയതോടെ സംഘർഷമായി. കൂട്ടത്തല്ലുമായി. ഐ.എൻ.ടി.യു സി, സി.ഐ.ടി.യു നേതാക്കളും എത്തി.

പൊലീസ് സംഘമെത്തി തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു. പൊലീസ് കാവൽ തുടരുന്നുണ്ട്. കേസെടുത്തിട്ടില്ല.

മൂന്ന് യൂണിയനുകളുടെയും പ്രതിനിധികൾ ഇന്നലെ തൃക്കാക്കര അസി.കമ്മിഷണറുടെ കാര്യാലയത്തിൽ ചർച്ച നടത്തി.