കൊച്ചി: ശംഖുചക്രവരദാഭയ മുദ്രകളുമായി സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര ഭഗവതിയെ മകം നാളിൽ ദർശിച്ച് ഭക്തസഹസ്രങ്ങൾ സായുജ്യം നേടി.
രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. 'അമ്മേ നാരായണ, ദേവീ നാരായണ' മന്ത്രധ്വനികൾ ക്ഷേത്രത്തിലും പരിസരത്തും പ്രതിധ്വനിച്ചു. രണ്ടു മണിക്കാണ് നട തുറന്നത്. രാത്രി ഒമ്പത് വരെ മകം തൊഴാൻ സൗകര്യം ഒരുക്കിയിരുന്നു.
വില്വമംഗലം സ്വാമിയാർക്ക് ഭഗവതി ദർശനം നൽകിയതിന്റെ ഓർമ്മ പുതുക്കലാണ് മകംതൊഴൽ. മകത്തിന് മാത്രം ചാർത്തുന്ന പ്രത്യേക സ്വർണ്ണഗോളകയാണ് ഇന്നലെ ദേവിക്ക് ചാർത്തിയത്. പട്ടുടയാടകൾക്കൊത്ത സ്വർണ്ണാഭരണങ്ങളും ആയുധമാല, രുദ്രാക്ഷമാല, കാശുമാല, വൈരമാല,സ്വർണ്ണ അരഞ്ഞാണം തുടങ്ങിയ വിശിഷ്ടാഭരണങ്ങളും ചാർത്തിയിരുന്നു.
രാവിലെ ശാസ്താ സമേതയായ ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓണക്കുറ്റി ചിറയിലേക്ക് ആറാട്ടിനെഴുന്നള്ളിച്ചു. തിരികെച്ചെത്തിയ ശേഷം വടക്കേ പൂരപ്പറമ്പിൽ ഏഴ് ആനകൾ അണിനിരന്ന മകം എഴുന്നെള്ളിപ്പ്. തിരിച്ച് ക്ഷേത്രത്തിലെത്തിയശേഷം മകം ദർശനത്തിനു മുന്നോടിയായി നട അടച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. നന്ദകുമാർ, അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, സ്പെഷ്യൽ കമ്മിഷണർ എൻ.ജ്യോതി, ചോറ്റാനിക്കര അസി. കമ്മിഷണർ ആർ.ബിജു, ക്ഷേത്രം മാനേജർ യകുൽദാസ് എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.
ഉത്സവത്തിന്റെ ഭാഗമായി ഇന്ന് പൂരം എഴുന്നള്ളിപ്പ് നടക്കും. നാളെയാണ് ആറാട്ട്. ഞായറാഴ്ച രാത്രി കീഴ്ക്കാവിലെ അത്തം ഗുരുതിയോടെ ഉത്സവച്ചടങ്ങുകൾ സമാപിക്കും.
നയൻതാരയും പാർവതിയും
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും നടി പാർവതിയും മകംതൊഴാനെത്തിയിരുന്നു. പ്രശസ്ത തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമായിരുന്നു നയൻതാരയുടെ മകം ദർശനം.
ഉച്ചയ്ക്ക് 12ന് ശബരി ഗ്രൂപ്പ് ഉടമ സുനിൽ സ്വാമിയുടെ സഹോദരൻ ശശിക്കൊപ്പം എത്തിയ ഇരുവരും ദേവസ്വം ഓഫീസിൽ വിശ്രമിച്ചു. നടതുറക്കാറായപ്പോൾ ദേവസ്വം ജീവനക്കാർ ഇവർക്ക് ക്ഷേത്രത്തിനുള്ളിൽ ദർശനസൗകര്യം ഒരുക്കി. മാസ്ക് ധരിച്ചിരുന്നതിനാൽ ഇവരെ അധികമാരും തിരിച്ചറിഞ്ഞില്ല.
ഭർത്താവ് നടൻ ജയറാമും ബന്ധുക്കൾക്കുമൊപ്പമാണ് പാർവതി എത്തിയത്. ജയറാം നേരത്തേ മടങ്ങി. നടതുറന്ന ശേഷവും പാർവതി ഏറെ നേരം ക്ഷേത്രത്തിൽ ചെലവഴിച്ചു. ഇന്നലെയാണ് സംഘം ചെന്നൈയിൽ നിന്നെത്തിയത്. ആറ്റുകാൽ പൊങ്കാലയ്ക്കാണ് പതിവായി ഈ ദിനം കേരളത്തിലെത്താറ്. മകംതൊഴൽ സന്തോഷമേകിയെന്ന് പാർവതി പറഞ്ഞു.