ആലുവ: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയ രണ്ട് ബസുകൾ അപകടകരമായി അമിതവേഗതയിൽ മത്സരയോട്ടം നടത്തിയതിനെതിരെ യാത്രക്കാർ നൽകിയ പരാതിയിൽ എൻഫോഴ്സ്‌മെന്റ് നടപടിയാരംഭിച്ചു. ഇന്നലെ രാവിലെ 8.40ഓടെ ആലുവയിൽ നിന്ന് പുറപ്പെട്ട ഗ്രാസ് ഹോപ്പർ, അന്റണിയോ ബസുകളാണ് നിരത്തിൽ മത്സരിച്ച് ചീറിപ്പാഞ്ഞത്. പുളിഞ്ചോട് നിന്നാരംഭിച്ച മത്സരയോട്ടം കളമശേരിവരെ നീണ്ടുനിന്നു. പലവട്ടം ഇരുബസുകളും പരസ്പരം ഉരസുന്ന സാഹചര്യമുണ്ടായി. ചോദ്യംചെയ്യാൻ തുനിഞ്ഞ യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബസിലുണ്ടായിരുന്ന ഹൈക്കോടതി ജീവനക്കാരിയാണ് മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയത്.