കൂത്താട്ടുകുളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ തിരുമാറാടിയുടെ മുന്നേറ്റം മാതൃകാപരം. 74295 തൊഴിൽദിനങ്ങൾ പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിക്കാൻ കഴിഞ്ഞു. പഞ്ചായത്തിലെ 3072 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3.35 കോടിയുടെ പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ട്. 2.2 കോടിരൂപ കൂലിയിനത്തിലും 67ലക്ഷംരൂപ സാധനസാമഗ്രികൾക്കായും ചെലവഴിച്ചിട്ടുണ്ട്.
വികസനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് നാട്ടിലുണ്ടാക്കിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധേയം. ഗ്രാമീണറോഡുകൾ, നടപ്പാലങ്ങൾ, നടപ്പാതകൾ, കുളംശുചീകരണം, തോട് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം, വീടുകളിൽ കുളം, ബയോഗ്യാസ് പ്ലാന്റ്, തൊഴുത്ത്, മഴവെള്ള സംഭരണികൾ തുടങ്ങി വിവിധ നിർമ്മാണങ്ങളാണ് പദ്ധതിപ്രകാരം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ 13 വാർഡുകളിലെ ഗ്രാമസഭകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയെ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ഭരണസമിതിയും ഉദ്യോഗസ്ഥരും, തൊഴിലാളികളും നിരന്തരപരിശ്രമം നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് രമ മുരളീധരകൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ് എന്നിവർ പറഞ്ഞു.