കൊച്ചി: എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിലെ ധ്വജസ്തംഭ പുനഃപ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കമായി. 22 മുതൽ 26 വരെയാണ് പുന:പ്രതിഷ്ഠ ഉത്സവം.190 വർഷം പഴക്കമുള്ള ധ്വജസ്തംഭത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്നാണ് പുതിയത് സ്ഥാപിക്കുന്നത്. മലയാറ്റൂർ ആറാട്ട്കടവിലുള്ള ഫോറസ്റ്റ് ഡിവിഷനിൽ നിന്നാണ് ലക്ഷണമൊത്ത തേക്ക് കണ്ടെത്തിയത്. നൂറ് കൊല്ലത്തോളം പഴക്കമുള്ള തടിക്ക് 60 അടി നീളവും 2.5 അടി വണ്ണവുമുണ്ട്. ക്ഷേത്രത്തിൽ എത്തിച്ച തടി തൊലികളഞ്ഞ് ലേപനം തേച്ചുണക്കി 15 ദിവസത്തിന് ശേഷം 36 കൂട്ടം ഔഷധക്കൂട്ടും ചേർത്ത് എള്ളെണ്ണയിൽ തയ്യാറാക്കിയ ഔഷധത്തൈലത്തിൽ ഒഴിച്ച എണ്ണത്തോണിയിൽ ആറു മാസത്തോളം സൂക്ഷിച്ചു. മാന്നാർ അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ അൻപതോളം ജോലിക്കാരാണ് തേക്കുതടി ഒരുക്കിയത്. കൊടിമരത്തിന് 43 അടി ഉയരമാണുള്ളത്. 21 ന് രാവിലെ 9.45 നും 11.45 നുമിടയിൽ തന്ത്രി എസ് . ശ്രീനിവാസ ഭട്ട് ധ്വജപ്രതിഷ്ഠ നടത്തും. ഉത്സവത്തിന് മുന്നോടിയായി കൊടിമരത്തിൽ ചാർത്താനുള്ള പുതിയ ഗരുഡവിഗ്രഹം, കൊടി കയർ എന്നിവ സമർപ്പിച്ചു. തന്ത്രി എസ്. ശ്രീനിവാസ ഭട്ട് കാർമ്മികത്വം വഹിച്ചു. ദേവസ്വം ജീവനക്കാരായ ശ്രീകുമാർ. ആർ. കമ്മത്ത്, നവീൻ .ആർ .കമ്മത്ത് എന്നിവർ നേതൃത്വം നൽകി.