ആലുവ: ശിവരാത്രി മണപ്പുറത്ത് മദ്യപിച്ചിരുന്ന സംഘത്തെ തേടിയെത്തിയ പൊലീസിനെ കണ്ട് ഭയന്ന് ഓടിയവരിൽ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ രാത്രി വൈകി മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി തോമസാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ മണപ്പുറത്തിന്റെ ഒരു വശത്തിരുന്ന് നാൽവർ സംഘം മദ്യപിക്കുകയായിരുന്നു. ഡ്യൂട്ടിക്കെത്തിയ പൊലീസ് അടുത്തേക്ക് ചെന്നപ്പോൾ ഇവർ ചിതറിയോടി. കൂട്ടത്തിലൊരാൾ പുഴയിൽ ചാടിയെന്ന് നാട്ടുകാർ പറഞ്ഞതു പ്രകാരം പൊലീസും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ പുഴക്കരയിൽ ഒരു മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയും ചെയ്തു. പൊലീസ് മൊബൈലിൽ നിന്ന് അവസാനം വിളിച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാലാരിവട്ടം സ്വദേശി തോമസിന്റേതാണ് മൊബൈൽ ഫോണെന്ന് വ്യക്തമായി.