
കൊച്ചി: കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ടത് വിൽക്കുന്ന കടയിൽ നിന്ന് വെള്ളമെന്ന് കരുതി കുട്ടികൾ രാസലായനി കുടിച്ച സംഭവത്തെ തുടർന്ന് ജില്ലയിലെ ഇത്തരം കടകളിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്രത്യേക സ്ക്വാഡും ഇതിനായി രൂപീകരിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ കടയടപ്പിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
വില്ലനായത് അസറ്റിക്ക് ആസിഡ്
കോഴിക്കോട് കുട്ടികൾ കഴിച്ചത് അസറ്റിക്ക് ആസിഡാണ്. ഇത് 94 ശതമാനം നേർപ്പിച്ചാണ് വിനാഗിരി ഉണ്ടാക്കുന്നത്. ഇത്തരം സിന്തറ്റിക്ക് വിനാഗിരിയിലാണ് പഴങ്ങളും പച്ചക്കറികളും ഉപ്പിലിടുന്നത്. കൂടിയ അളവിൽ അസറ്റിക്ക് ആസിഡ് ശരീരത്തിലെത്തുന്നത് അപകടകരവുമാണ്. കടകളിൽ ഗാഢ അസറ്റിക്ക് ആസിഡ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. വ്യവസായ ആവശ്യങ്ങൾക്കു മാത്രമേ ഇത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ.
ഉപ്പുലായനി ഉപയോഗിക്കുന്നതിന് പകരമാണ് വസ്തുക്കൾ കേടാകാതിരിക്കുവാൻ വിനാഗിരിയും കൂടിയ അളവിൽ ചേർക്കുന്നത്. കടകളിൽ ഗാഢ അസറ്റിക്ക് ആസിഡ് കണ്ടെത്തിയാൽ അത് നശിപ്പിച്ച് പിഴ ഈടാക്കും. ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കും. കോഴിക്കോട് വിപുലമായ പരിശോധനയിൽ 15 കടകൾക്കെതിരെ നടപടിയെടുത്തു.
കുട്ടികൾ കുടിച്ചത് ബാറ്ററി വെള്ളമാണെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പരിശോധനയിൽ ഇതുവരെ ബാറ്ററി വെള്ളം കണ്ടെത്തിയിട്ടില്ല
പി.ജെ. വർഗീസ്
ഡപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്)
ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്
കോഴിക്കോടുനിന്ന് കണ്ടെത്തിയതു പോലെയുള്ള അസെറ്റിക്ക് ആസിഡ് ജില്ലയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധന തുടരും.
എൻ.പി. മുരളി
ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ
ഭക്ഷ്യ സുരക്ഷ വകുപ്പ്
വിനാഗിരി ഒരു പ്രിസർവേറ്റീവ് ആണ്. അത് അകത്ത് ചെല്ലുന്നതുകൊണ്ട് ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ വിനാഗിരി ഉണ്ടാക്കാൻ ചെറുകിട കച്ചവടക്കാർ അസറ്റിക് ആസിഡ് നേർപ്പിക്കുന്നതിൽ പിഴവ് ഉണ്ടായാൽ അത് അപകടകരമാണ്. ശരീരത്തിൽ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കും. ഇത് കടന്നു പോകുന്ന ശരീരത്തിലെ എല്ലാ അവയവങ്ങളിലും പൊള്ളലേൽക്കും. കരൾ, വൃക്ക എന്നിവയ്ക്ക് ശുദ്ധീകരിക്കാൻ ആവുന്നതിലും അധികം ആണ് ഉള്ളിലെത്തുന്ന രാസവസ്തുവെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. ഉപ്പിലിടാൻ ഉപയോഗിക്കുന്ന അസെറ്റിക് ആസിഡിന്റെ കാര്യത്തിൽ വേണ്ട പരിശോധന നടത്തണം.
ഡോ. പി. ഗോപികുമാർ.
സംസ്ഥാന വൈസ് പ്രസിഡന്റ്, ഐ.എം.എ