crime
മോഷണം നടന്ന വീട്ടിൽ എസ്.ഐ അനിലയുടെ നേതൃത്വത്തിൽ പൊലിസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തുന്നു.

തൃപ്പൂണിത്തുറ: കർണ്ണാടക സ്വദേശികളായ ദമ്പതികൾ താമസിക്കുന്ന വീടിന്റെ പിൻവാതിൽ തകർത്ത് പട്ടാപ്പകൽ 12 പവനിലേറെ ആഭരണങ്ങളും 2000 രൂപയും വാച്ചും കവർന്നു. എൻ.എസ്.എസ് സ്കൂളിന് സമീപം ഇളമന റോഡിൽ വർമ്മനിവാസിൽ ആനന്ദ് ജി. ഹെഗ്ഡെ (60) യും ഭാര്യ വിജയലക്ഷ്മി(50)യും താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച മോഷണം നടന്നത്. ആറ് വർഷമായി ഇവർ ഇവിടെയാണ് താമസം. മെഡിക്കൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ആനന്ദും പാലസ് സ്കൂളിനടുത്ത് ട്രേഡിംഗ് കമ്പനിയിലെ ജീവക്കാരിയായ വിജയലക്ഷ്മിയും വീട് പൂട്ടി ജോലിക്ക് പോയ സമയത്തായിരുന്നു കവർച്ച.

ജോലി കഴിഞ്ഞ് രാത്രി 7.30 ന് വീട്ടിലെത്തിയ വിജയലക്ഷ്മി മുൻവാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ഹാളിലെ കട്ടിലിലും നിലത്തുമായി തുണികളും ബാഗുകളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടു.കിടപ്പ് മുറിയിലെ അലമാര തുറന്ന് സാധനങ്ങൾ നിലത്ത് വാരിയിട്ട നിലയിലായിരുന്നു. ഉടൻ ഭർത്താവിനെ വിവരമറിയിച്ചു. സമീപവാസി അറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലിസ് സ്ഥലത്തെത്തി രാത്രി തന്നെ പരിശോധന നടത്തി. രണ്ട് താലിമാല, ചെയിൻ, കമ്മൽ, ചെറിയ സ്റ്റഡ്ഡുകൾ, 2500 രൂപ വിലവരുന്ന വാച്ച്, 2000 രൂപ എന്നിവ നഷ്ടപ്പെട്ടു. ഇവരുടെ മകൻ തെലുങ്കാനയിലും മകൾ ഗോവയിലും ജോലി ചെയ്യുകയാണ്.

ഇന്നലെ രാവിലെ 10.30 ന് എസ്.ഐ അനിലയുടെ നേതൃത്വത്തിൽ പൊലിസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഡോക്ടറുടെ വീടിനു മുന്നിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവ ദിവസം പകൽ 11.50ന് ആക്രി പെറുക്കലുകാരൻ എന്നു കരുതുന്ന ഒരാൾ മോഷണം നടന്ന വീടിന്റെ സമീപവാസിയുടെ ഗേറ്റ് കടന്ന് മോഷ്ടിച്ചെടുത്ത സാധനങ്ങൾ അടിവസ്ത്രത്തിനകത്ത് തിരുകി നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കൈലിയും നീല ഷർട്ടുമായിരുന്നു ഇയാളുടെ വേഷം.

പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് എസ്.ഐ അനില പറഞ്ഞു. എസ്.ഐമാരായ ഓമനക്കുട്ടൻ, ഷാനവാസ്, എ.എസ്.ഐമാരായ കെ.കെ സജീഷ്, ഷാജി, വിരലടയാള വിദഗ്ദ്ധരായ സംഗീത സത്യദേവൻ, അപ്പുക്കുട്ടൻ ഇ.എച്ച്, ഡോഗ് സ്ക്വാഡിലെ വിഷ്ണുരാജ്, ജിതിൻ,ബിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.