കൊച്ചി: വൻകിടക്കാർ കൊച്ചി കോർപ്പറേഷനിൽ നടത്തുന്നത് കോടികളുടെ നികുതി വെട്ടിപ്പ്. വൈറ്റില മേഖലയിൽ മാത്രം 12 വൻകിടക്കാർ നൽകാനുള്ള നികുതി കുടിശിക 6.12 കോടി രൂപയാണ്. 2019- 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന നികുതി തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവന്നത്.
2014 ജനുവരി ഒന്നുമുതൽ 2019 -20 മാർച്ച് വരെ അഞ്ചുവർഷം 1.46 കോടി രൂപയാണ് വൈറ്റിലയിലെ ജോമർ പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് നൽകാനുള്ള കുടിശിക. ഐ.ടി.എം.എ ഹോട്ടൽസിന് കുടിശിക 1.44 കോടി രൂപയുണ്ട്. സർക്കാർ ഏജൻസിയായ ജി.സി.ഡി.എ 85 കെട്ടിടങ്ങൾക്ക് നൽകേണ്ട നികുതി കുടിശിക 49.90 ലക്ഷമാണ്.
2019-20 വർഷത്തെ ബാലൻസ് ഷീറ്റ് പ്രകാരം കോർപ്പറേഷന് വസ്തുനികുതി ഇനത്തിൽ (ലൈബ്രറി സെസ് അടക്കം) ലഭിക്കേണ്ടത് തൻവർഷം 26.29 കോടിയും മുൻവർഷങ്ങളിലെ കുടിശിക തുകയായി 23.38 കോടിയുമാണ്. ആകെ 49.67 കോടി രൂപ. കോർപ്പറേഷന് വസ്തുനികുതി ഡിമാൻഡ് രജിസ്റ്ററും കുടിശിക ഡിമാന്റ് രജിസ്റ്ററുമില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വസ്തുനികുതിയെ സംബന്ധിച്ച് നഗരസഭയിൽ സൂക്ഷിക്കേണ്ട അടിസ്ഥാനരേഖയാണ് നികുതി ഡിമാന്റ് രജിസ്റ്റർ.
വർഷങ്ങളുടെ കുടിശിക
2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക പ്രകാരം വസ്തുനികുതി കുടിശിക 49.67 കോടി രൂപയാണ്. അതേസമയം വൻകിട കെട്ടിട ഉടമകളിൽ പലരും വർഷങ്ങളായി കുടിശിക വരുത്തിയിട്ടുണ്ടെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. പല കെട്ടിടങ്ങളുടെയും വസ്തുനികുതി സംബന്ധിച്ച് കേസും തർക്കങ്ങളും നിലവിലുണ്ടെന്ന കാരണം കാണിച്ചാണ് കുടിശിക വരുത്തുന്നത്. വസ്തുനികുതി കുടിശിക രജിസ്റ്റർ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നികുതിവെട്ടിപ്പ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 539 പ്രകാരം, കിട്ടേണ്ട നികുതി തുക മൂന്ന് വർഷം കഴിഞ്ഞാൽ കാലാഹരണപ്പെടുമെന്നതിനാൽ നികുതി കൃത്യമായി ഡിമാന്റ് ചെയ്ത് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഓഡിറ്റ് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.