
കൊച്ചി: കൊച്ചി കോർപ്പറേഷന്റെ പത്തുരൂപ ഉൗണ് ഇനി വീട്ടിലെത്തും . ഓർഡർ നൽകുന്നതനുസരിച്ച് പ്രാതലും അത്താഴവുമെല്ലാം വിളിപ്പുറത്തെത്തിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഫുഡ് ആപ്പിന് രൂപംനൽകും. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. മുതിർന്ന പൗരൻമാർക്കും രോഗബാധിതർക്കും പോഷകസമ്പുഷ്ടമായ ഭക്ഷണം വീട്ടിലെത്തിച്ചു നൽകുകയാണ് പ്രധാന ലക്ഷ്യം .എറണാകുളം നോർത്തിലെ ലിബ്ര ഹോട്ടലിലെ കേന്ദ്രീകൃത അടുക്കളയിൽ നിന്ന് കുടുംബശ്രീ ഔട്ട്‌ലെറ്റുകൾ വഴി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഭക്ഷണം എത്തിക്കാനും പരിപാടിയുണ്ട്. ഇതിനായി കിയോസ്കുകൾ ആരംഭിക്കും. ഭക്ഷണത്തിന്റെ നിരക്ക് നിശ്ചയിച്ചിട്ടില്ല. ഫുഡ് ആപ്പും കിയോസ്കും വഴി അധികവരുമാനം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ.
സബ്സിഡി അക്കൗണ്ടിലെത്തി
വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് ലിബ്ര ഹോട്ടലിൽ പത്തു രൂപ ഉൗണിന് ആരംഭം കുറിച്ചത്. ശരാശരി 3500 പേരാണ് ഇവിടെ ഉച്ചഭക്ഷണത്തിന് എത്തുന്നത്. പാഴ്സലിന് അഞ്ചു രൂപ അധികം നൽകണം. ഫിഷ് ഫ്രൈ ആണ് മറ്റൊരു ആകർഷണം. ഇതിന് 30 രൂപയാണ്. ഇഡ്ഡലി സാമ്പാർ, ചട്നി കോംബോ പ്രഭാതഭക്ഷണത്തിനും ഏറെ ആവശ്യക്കാരുണ്ട്. രാവിലെ 11 വരെയാണ് പ്രഭാതഭക്ഷണം. വീടുകളിലെയും മറ്റു ചടങ്ങുകൾക്കായി നൂറും ഇരുന്നൂറും ഇഡ്ഡലി ഇവിടെ വന്നു വാങ്ങുന്നവരുണ്ട്.
സമൃദ്ധിയോട് ചേർന്നുള്ള ഷീ ലോഡ്‌ജ് മാർച്ചിൽ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം ഇവിടെ അത്താഴവും റെഡിയാകും. ചപ്പാത്തി യൂണിറ്റിന് ആവശ്യമായ മെഷിനുകൾക്ക് ക്വട്ടേഷൻ നൽകിയതായി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബാലാൽ പറഞ്ഞു.
സബ്സിഡി കുടിശികയായ 28 ലക്ഷം രൂപ ഇന്നലെ അക്കൗണ്ടിൽ എത്തിയതോടെ സമൃദ്ധിയുടെ അണിയറക്കാർ ആഹ്ളാദത്തിലാണ്. 20 രൂപയുടെ ഉൗണു വിളമ്പുന്ന ജനകീയ ഹോട്ടലുകൾക്ക് പത്തു രൂപ സർക്കാർ സബ്സിഡിയായി ലഭിക്കും. ഒക്ടോബർ മുതലുള്ള സബ്സിഡി തുക കുടിശികയായതോടെ കോർപ്പറേഷൻ അധികൃതരും വെട്ടിലായിരുന്നു. സി.എസ്.ആർ. ഫണ്ടിന്റെയും പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനയുടെയും ബലത്തിലാണ് കോർപ്പറേഷൻ ഇതു മുന്നോട്ടു കൊണ്ടുപോകുന്നത്.