terrorist

ആലുവ: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ മരണം വരെ ജീവപര്യന്തം ലഭിച്ച ആലുവ പെരുന്തോലിൽ മുഹമ്മദ് അൻസാർ നദ്‌വി (37)യുടെ അനുജൻ അബ്ദു സത്താറും ഇതേ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയാണ്.

വാഗമൺ ആയുധപരിശീലന ക്യാമ്പ് കേസിലും പ്രതിയായിരുന്നതിനാൽ വിയ്യൂർ ജയിലിലാണ് തടവിലുണ്ടായിരുന്നത്. അൻസാർ ബിരുദപഠന ശേഷം ഉത്തർപ്രദേശ് ജാമിയ കോളേജിൽ അറബി നദ്‌വി കോഴ്സ് പഠിക്കാൻ ചേർന്ന ശേഷമാണ് തീവ്രവാദ സംഘടനയിലെത്തിയത്.

ആലുവ എടയപ്പുറം അമ്പാട്ടുകവലയ്ക്ക് സമീപം കുറച്ചുകാലം കുടുംബം താമസിച്ചിട്ടുണ്ട്. ആദ്യം വാടകവീട്ടിലായിരുന്നു. പിന്നീട് സ്വന്തമായി വീട് വാങ്ങി. ഇക്കാലത്തും തീവ്രവാദ സംഘടനകളുടെ യോഗങ്ങളിലെ പതിവ് സാന്നിദ്ധ്യമായിരുന്നു അൻസാറും അനുജനും. സമീപത്തെ ചില കുട്ടികളെ യോഗത്തിൽ കൊണ്ടുപോയതിന് അൻസാർ വിവാദത്തിലുമായി. 18 വർഷം മുമ്പ് കുടുംബം കുഞ്ഞുണ്ണിക്കരയിലേക്ക് താമസം മാറ്റി. ആലുവ റെയിൽവേ സ്റ്റേഷന് എതിർവശം പിതൃസഹോദരന്റെ കടയിലും അൻസാർ സഹായിയായി നിന്നിട്ടുണ്ട്. പിതാവും ഈ കടയിലുണ്ടാകുമായിരുന്നു.

ഭോപ്പാൽ അതീവ സുരക്ഷാ ജയിലിലാണിപ്പോൾ അൻസാർ. സിമി ബന്ധമുള്ള വിവിധ കേസുകളിലും പ്രതിയാണ്. 2008 മാർച്ചിലാണ് ഇൻഡോറിൽ നിന്ന് സിമി ബന്ധം ആരോപിച്ച് മറ്റ് രണ്ട് പേർക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇവർ ജയിലിലായിരിക്കെ മാസങ്ങൾക്കു ശേഷം നടന്ന അഹമ്മദാബാദ് സ്‌ഫോടനത്തിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ച് പ്രതി ചേർക്കുകയായിരുന്നു. മറ്റ് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഇവർക്കുണ്ട്.

പിതാവ് അബ്ദുൽ റസാഖ് മക്കളെ പൊലീസ് കുടുക്കിയതാണെന്നാരോപിച്ച് നിയമപോരാട്ടം നടത്തുന്നതിനിടെ 2019 സെപ്തംബർ 18ന് ഭോപ്പാൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. അൻസാറിനെ ജയിലിൽ സന്ദർശിച്ച ശേഷം അഭിഭാഷകനെ കാണാൻ ഇൻഡോറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.