fg

കൊച്ചി: രജിസ്‌ട്രേഷനുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് പരമാവധി 11 ആനകളെവരെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ എഴുന്നള്ളിക്കാൻ അനുമതി. ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നാട്ടാനപരിപാലന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്ഷേത്രത്തിനുപുറത്ത് വരവ് പൂരം, ആറാട്ടെഴുന്നള്ളിപ്പ്, പറയെടുപ്പ് എന്നിവയ്ക്കായി മൂന്ന് ആനകളെവരെയും അനുവദിച്ചു. അനുമതി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽനിന്ന് ലഭിക്കും. അയ്യമ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രം, പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ പരമാവധി 15 ആനകളെവരെ എഴുന്നള്ളിക്കാനുള്ള അനുമതി നൽകാൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. മരട് കൊട്ടാരം ഭഗവതിക്ഷേത്രം തെക്കേ ചേരുവാരം, മരട് കൊട്ടാരം ഭഗവതിക്ഷേത്രം വടക്കേ ചേരുവാരം, കൂട്ടേക്കാവ് ഭഗവതിക്ഷേത്രം കാഞ്ഞിരമറ്റം എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് അഞ്ച് ആനകളെവരെ എഴുന്നള്ളിക്കാനും അനുമതി നൽകി.

യോഗത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സാജൻ സേവ്യർ, ഡിവിഷണൽ ഫയർ ഓഫീസർ എ.എസ്. ജോജി, ആനിമൽ വെൽഫെയർ ബോർഡ് നോമിനി എ.ജി. ബാബു, കേരള ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റി പ്രതിനിധി കെ.ആർ. സതീഷ്, കേരള ആനയുടമ ഫെഡറേഷൻ സെക്രട്ടറി ബി.എം. ബാലചന്ദ്രൻ, അഖിലകേരള ആന തൊഴിലാളി യൂണിയൻ പ്രതിനിധി മനോജ് അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ പൊലീസിൽ അറിയിക്കുന്നതിന് മേൽവിലാസങ്ങളിലോ ഫോൺ നമ്പറുകളിലാേ ബന്ധപ്പെടാം. അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ്, സിറ്റി കൺട്രോൾ റൂം, ഫോൺ: 0484 2359200, 9497990066.
ഇമെയിൽ: acpcroomekm.pol@ kerala.gov.in, റൂറൽ സൂപ്രണ്ട് ഒഫ് പൊലീസ്,ആലുവ, ഫോൺ: 0484 2623550,622 4455, ഇമെയിൽ: dyspalvekmrl.pol@ kerala.gov.in