
കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി ആരോപിച്ച് വീടുകളിൽ ലൈറ്റുകളണച്ച് പ്രതിഷേധിക്കുന്നതിനിടെ ക്രൂര മർദ്ദനത്തിനിരയായ ട്വന്റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ കുഞ്ഞാറുവിന്റെ മകൻ സി.കെ. ദീപുവാണ് (38) മരിച്ചത്. തിങ്കളാഴ്ച മുതൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ദീപുവിന് പെയിന്റിംഗ് പണിക്ക് കിട്ടുന്ന കൂലിയായിരുന്നു കുടുംബത്തിന്റെ വരുമാനം. അവിവാഹിതനാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ സി.പി.എം പ്രവർത്തകരുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് മർദ്ദനമേറ്റത്. ആശുപത്രിയിൽ പോയാലോ പൊലീസിന് പരാതി നൽകിയാലോ കൊന്നുകളയുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയതായി സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം നിഷ അലിയാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഠിനമായ തലവേദനയെത്തുടർന്ന് തിങ്കളാഴ്ച പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗിൽ തലയിൽ രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികളായ നാല് സി.പി.എം പ്രവർത്തകരെ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മ: കാർത്തു, സഹോദരി: ദീപ.
നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണം. ഗുരുതരമായ രോഗമുണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചതെന്നും തെളിയണം. സംഭവത്തെ സി.പി.എമ്മിനെതിരെ തിരിക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും
.-പി.വി. ശ്രീനിജിൻ
എം.എൽ.എ
ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണ്. എം.എൽ.എ ശ്രീനിജിനും റോളുണ്ട്. ട്വന്റി 20 പ്രവർത്തകർ ഒരു സംഘർഷവും ഉണ്ടാക്കിയിട്ടില്ല. ശ്രീനിജിൻ എം.എൽ.എയായ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
-സാബു ജേക്കബ്
ട്വന്റി 20ചീഫ് കോഓർഡിനേറ്റർ,
കിറ്റെക്സ് എം.ഡി