
പറവൂർ: കേരളത്തിലും പുറത്തുമായി 180ലധികം ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനവും നാനൂറിലേറെ ശിഷ്യന്മാരുമുള്ള താന്ത്രികാചാര്യൻ ചെറായി കെ.എ. പുരുഷോത്തമൻ തന്ത്രി (89) നിര്യാതനായി. ദീർഘനാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
പ്രാഥമിക വിദ്യാഭ്യാസാനന്തരം അപ്പുക്കുട്ടി ആശാനിൽ നിന്ന് സംസ്കൃതവും ചെറായി എം.സി. നാരായണൻ ശാന്തി, ചിത്തരൻ മാസ്റ്റർ എന്നിവരിൽ നിന്ന് ക്ഷേത്രപൂജാവിധികളും സംസ്കൃതപണ്ഡിതനായിരുന്ന അയ്യമ്പിള്ളി കണ്ടച്ഛനാശാനിൽ നിന്ന് താന്ത്രിക കർമ്മങ്ങളും ജ്യോതിഷവും പഠിച്ചു. 12 മുതൽ 20 വയസുവരെ ചെറായി ശ്രീഗൗരീശ്വരക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടൊപ്പം പഠനം. ഗൗരീശ്വരക്ഷേത്രം, മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം എന്നിവിടങ്ങളിൽ തന്ത്രിയും മേൽശാന്തിയുമായി സേവനമനുഷ്ഠിച്ചു. 400ൽപരം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മം നടത്തി. നിരവധി ക്ഷേത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ലക്ഷാർച്ചന, കോടിയർച്ചന, സഹസ്രകലശം, ധ്വജപ്രതിഷ്ഠ, ചണ്ഡികായാഗം എന്നിവയിൽ യജ്ഞാചാര്യസ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: കൊടുങ്ങല്ലൂർ ചീരേപറമ്പിൽ ശാന്തകുമാരി. മക്കൾ: ശിവാനന്ദൻ (ആർക്കിയോളജിസ്റ്ര്), ശിവപ്രസാദ് (അദ്ധ്യാപകൻ, രാമവർമ്മ യൂണിയൻ സ്കൂൾ), ശിവപ്രിയ (അദ്ധ്യാപിക, ഗവ. യു.പി സ്കൂൾ, കൊടുവള്ളി). മരുമക്കൾ: പി.എസ്. സജിത്ത്, ദീപ്തി ശിവപ്രസാദ്.