കൊച്ചി: പ്ളൈവുഡ് വ്യാപാരി പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി കണമ്പുറം വീട്ടിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേ വിട്ട പ്രതി മാറമ്പിള്ളി കൊട്ടിക്കാത്തോട്ടത്തിൽ റഷീദിന് (40) ഹൈക്കോടതി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ നൗഷാദിന്റെ ഭാര്യ അല്ലിയും സർക്കാരും നൽകിയ അപ്പീലുകളിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവനുഭവിക്കണം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ശിക്ഷാവിധി കേൾക്കാൻ റഷീദ് ഇന്നലെ നേരിട്ട് ഹാജരായിരുന്നു.
2015 മേയ് ഏഴിനാണ് സംഭവം. നൗഷാദിന്റെ സ്ഥാപനത്തിലെ മാനേജരായിരുന്ന റഷീദ് ഇയാളുടെ ഉറ്റ സുഹൃത്തുമായിരുന്നു. നൗഷാദിന് തന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് റഷീദ് ഇയാളെ വകവരുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബൈക്കിൽ വരികയായിരുന്ന നൗഷാദിനെ എതിരെ കാറിൽ വന്ന റഷീദ് ഇടിച്ചു വീഴ്‌ത്തി. തെറിച്ചു വീണു നൗഷാദിന്റെ കഴുത്തിലും നെറ്റിയിലും കുത്തിപ്പരിക്കേൽപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. നൗഷാദിന്റെ ബൈക്കിനു പിന്നാലെ വന്ന മറ്റൊരു ബൈക്കുകാരൻ മാത്രമായിരുന്നു ദൃക്‌സാക്ഷി. ഭയന്നു പോയ ഇയാൾ രണ്ടു ദിവസം കഴിഞ്ഞാണ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത്. ഈ മൊഴി വിശ്വസനീയമല്ലെന്ന് വിലയിരുത്തിയാണ് 2019 മേയ് 25 ന് വിചാരണക്കോടതി റഷീദിനെ വെറുതേ വിട്ടത്. എന്നാൽ വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നൗഷാദിനെ കുത്താൻ റഷീദ് ഉപയോഗിച്ച കത്തിയിൽ രക്തക്കറയുണ്ടോയെന്ന് കോടതി നേരിട്ടു പരിശോധിച്ചതിനെയും ഹൈക്കോടതി വിമർശിച്ചു. ഫോറൻസിക് വിദഗ്ദ്ധരാണ് ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വളരെ മുമ്പുണ്ടായ ഒരപകടത്തിൽ റഷീദിന്റെ ഒരുകാൽ മുറിച്ചു മാറ്റിയിരുന്നു. തുടർന്ന് കൃത്രിമക്കാൽ ഉപയോഗിച്ചാണ് ഇയാൾ നടന്നിരുന്നത്. ആ അപകടത്തിൽ ഇയാളുടെ കൈക്കും പരിക്കേറ്റിരുന്നു. ശാരീരിക വൈകല്യമുള്ള തനിക്ക് കൊല നടത്താൻ കഴിയില്ലെന്നായിരുന്നു റഷീദിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തള്ളി. ജീവിതപങ്കാളിയിലുള്ള അവിശ്വാസം നിമിത്തം ചെയ്യുന്ന കുറ്റകൃത്യങ്ങളെ അടയാളപ്പെടുത്തുന്ന ഒഥല്ലോ സിൻഡ്രോം അങ്ങേയറ്റം മാരകമാണെന്ന് വിധിന്യായത്തിൽ കോടതി അഭിപ്രായപ്പെട്ടു. വില്യം ഷേക്‌സ്‌പിയറിന്റെ ദി ട്രാജഡി ഒഫ് ഒഥല്ലോ എന്ന വിഖ്യാത കൃതിയിൽ നിന്നുള്ള ചില വരികളും ഇക്കാര്യം വിശദീകരിക്കാനായി വിധിയിൽ ചേർത്തിട്ടുണ്ട്.