deepu

കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈ​റ്റ് ചലഞ്ച് പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി ആരോപിച്ച് വീടുകളിൽ ലൈ​റ്റുകളണച്ച് പ്രതിഷേധിക്കുന്നതിനിടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ കുഞ്ഞാറുവിന്റെ മകൻ സി.കെ. ദീപുവാണ്(38) മരിച്ചത്. തിങ്കളാഴ്ച മുതൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേ​റ്ററിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വീടിന് മുന്നിൽ സി.പി.എം പ്രവർത്തകരുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് മർദ്ദനമേറ്റത്. ആശുപത്രിയിൽ പോയാലോ പൊലീസിന് പരാതി നൽകിയാലോ കൊന്നുകളയുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം നിഷ അലിയാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കഠിനമായ തലവേദനയെത്തുടർന്ന് തിങ്കളാഴ്ചയാണ് ദീപുവിനെ പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗിൽ തലയിൽ രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു ദീപു.

കേസിലെ പ്രതികളായ നാല് സി.പി.എം പ്രവർത്തകരെ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മ: കാർത്തു, സഹോദരി: ദീപ.

 നിഷ്പക്ഷ അന്വേഷണം നടത്തണം: എം.എൽ.എ

ദീപുവിന്റെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ആവശ്യപ്പെട്ടു. ദീപുവിന്റെ മൊഴിയിൽ മർദ്ദനമേ​റ്റതായി പറഞ്ഞിട്ടില്ലെന്ന് അറിയുന്നു. ഗുരുതരമായ വേറെ രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചതെന്നും തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.എൽ.എ പറഞ്ഞു.