
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരീ ഭർത്താവ് സുരാജിനും വീണ്ടും നോട്ടീസ് നൽകി.
പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നാദിർഷായെയും ദിലീപിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. മൂന്നുദിവസം മുമ്പാണ് നാദിർഷായിൽ നിന്ന് മൂന്നു മണിക്കൂർ മൊഴിയെടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുയർത്തിയെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് നാദിർഷായും ദിലീപും ഒരുമിച്ചുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയുമോയെന്നാണ് പ്രധാനമായും ചോദിച്ചത്. വ്യക്തിപരമായും സിനിമാ സംബന്ധമായും ബന്ധമുണ്ടെങ്കിലും ദിലീപിന്റെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് നാദിർഷാ മൊഴി നൽകി.
അനൂപിനും സുരാജിനും കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം. ദിലീപിന്റേതുൾപ്പെടെ ആറു ഫോണുകളുടെ ഫോറൻസിക് പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
 വധഗൂഢാലോചന: ദിലീപിന്റെ ഹർജിയിൽ വിശദീകരണം തേടി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.
ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ച് ഹർജി മാർച്ച് ഒമ്പതിനു വീണ്ടും പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. നടിയെ ആക്രമിച്ച കേസന്വേഷിച്ച എ.ഡി.ജി.പിയായിരുന്ന ബി. സന്ധ്യ, മറ്റ് ഉദ്യോഗസ്ഥരായ എ.വി. ജോർജ്ജ്, സോജൻ, സുദർശനൻ, ബൈജു പൗലോസ് എന്നിവരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതികൾ.
ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ,അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകനോട് പറഞ്ഞു. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയത്.
 പീഡനക്കേസ്: ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി
യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ ബാലചന്ദ്രകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. 12 വർഷം മുമ്പ് പീഡിപ്പിച്ചെന്ന് ആരോപിച്ച് കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ കേസെടുത്ത എറണാകുളം എളമക്കര പൊലീസ് കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് വ്യാജമാണെന്നും നടൻ ദിലീപാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ പറയുന്നു.