വൈപ്പിൻ: മുരിക്കുംപാടത്ത് കേരള ജലഅതോറിറ്റിയുടെ സംഭരണിക്ക് താഴെ വാട്ടർ ക്വാളിറ്റി ലാബ് നിർമ്മാണത്തിന് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. നിർമ്മാണത്തിന് പഞ്ചായത്തിന്റേയോ ജിഡയുടേയോ അംഗീകാരം വാങ്ങിയിട്ടില്ലെന്നതാണ് കാരണം.

ജൽജീവന്റെ ഭാഗമായി ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് വേണ്ടിയാണ് ആധുനികസൗകര്യങ്ങളോടെ ലാബ് സ്ഥാപിക്കുന്നത്. ശുദ്ധജലത്തിന്റെ 17തരം പരിശോധനകൾ ഇവിടെ നടത്താനാകും. ശുദ്ധജല സംഭരണി നിർമ്മിച്ചിരിക്കുന്നത് ഗ്രാമപഞ്ചായത്ത് വക സ്ഥലത്താണ്. പഞ്ചായത്തിന്റെ അനുമതിയോടെ നടക്കുന്ന സംഭരണി നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അടുത്തുതന്നെ കമ്മീഷൻ ചെയ്യാനാവും. എന്നാൽ ജലസംഭരണിക്ക് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളതെന്നും മറ്റ് നിർമ്മാണങ്ങൾ പാടില്ലെന്നുമാണ് പഞ്ചായത്ത് നിലപാട്. ജലസംഭരണിയുടെ താഴത്തെ നിലയിലാണ് ലാബ് നിർമ്മാണമെന്നും ഇതിന് പ്രത്യേക അനുവാദം വേണ്ടെന്നുമാണ് ജലഅതോറിറ്റി പറയുന്നത്. പഞ്ചായത്തും ജലഅതോറിറ്റിയും തർക്കത്തിലായതോടെ ജലസംഭരണി കമ്മീഷൻ ചെയ്യുന്നത് നീണ്ടുപോകുമെന്നാണ് ആശങ്ക.