തൃപ്പൂണിത്തുറ: എസ്.എൻ ജംഗ്ഷൻ - റിഫൈനറി റോഡ് ഓവർ ബ്രിഡ്ജിൽ നടപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എം.പി കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്നാഥ് ബെഹ്റയെ കണ്ടു. കൊച്ചി മെട്രോ ഫേസ് വൺ പൂർത്തിയാകുന്നതോടെ പ്രദേശത്ത് യാത്രക്കാരുടെ എണ്ണം വർദ്ധിക്കും. 2000ൽ നിർമ്മിച്ച ഓവർബ്രിഡ്ജിന്‌ ഫുട്പാത്ത് ഇല്ലാത്തത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്‌. പ്രദേശത്ത് നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും റസിഡൻഷ്യൽ കോളനികളും ഉണ്ട്. നടപ്പാത ഇല്ലാത്ത ഓവർ ബ്രിഡ്ജിലൂടെയോ റെയിൽവേ ട്രാക്ക് മുറിച്ച് കടന്നോ യാത്രക്കാർക്ക് സഞ്ചരിക്കേണ്ട അപകടരമായ അവസ്ഥയാണ്‌ നിലവിലുള്ളത്. ഏറെ തിരക്കേറിയ പ്രദേശമാണ്‌ ഇവിടം. മെട്രോ കൂടി പൂർത്തിയാകുന്നതോടെ തിരക്ക് വലിയരീതിയിൽ വർദ്ധിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഓവർ ബ്രിഡ്ജിനോട് ചേർന്ന് ഫൂട്ട് ഓവർ ബ്രിഡ്ജ് മാതൃകയിൽ നടപ്പാത നിർമ്മിക്കണമെന്ന് എം.പി മെട്രോ എം.ഡിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിട്ടിക്കും റെയിൽവേയ്ക്കും എം.പി കത്ത് നല്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ നോൺ മോട്ടോറൈസ്ഡ് ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതിയുടെ പ്രൊപ്പോസൽ മെട്രോ, നാഷണൽ ഹൈവേ അതോറിട്ടിക്കും റെയിൽവേയ്ക്കും നല്കണമെന്നും ഹൈബി ഈഡൻ എം.പി ലോക്നാഥ് ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികളും കെന്റ് ഹൈഡ് പാർക്ക് റെസിഡന്റ്സ് അസോസിയേഷനും എം.പിക്ക് നിവേദനം നല്കിയിരുന്നു.