
കൊച്ചി: എറണാകുളം സ്വദേശി ഡോണയെന്ന (യഥാർത്ഥ പേരല്ല)17കാരിയുടെ പെട്ടെന്നുള്ള സ്വഭാവ മാറ്റം മാതാപിതാക്കളെ അസ്വസ്ഥരാക്കി. അനാവശ്യ ദേഷ്യം, ഒറ്റയ്ക്കിരുപ്പ്, ആഹാരത്തോട് താത്പര്യക്കുറവ്, പഠനത്തിൽ ശ്രദ്ധയില്ലായ്മ.. ഒടുവിൽ മകളുടെ ഫോൺ പരിശോധിച്ച അവർ ഞെട്ടി, ചാറ്റ് കണ്ട് അവർ തകർന്നു.
മാതാപിതാക്കളുടെ സുഹൃത്തിന്റെ മകനുമായി ചില ചടങ്ങുകളിൽ വെച്ച് കണ്ട പരിചയം, നല്ല രീതിയിൽ തുടങ്ങിയ സൗഹൃദം. നമ്പർ കൈമാറി. വാട്‌സാപ്പ് ചാറ്റ് തുടങ്ങി. സൗഹൃദം പ്രണയമായി. അർദ്ധനഗ്ന ചിത്രങ്ങൾ വരെ കൈമാറി. ഒടുവിൽ 18കാരൻ സുഹൃത്തിന് കൂട്ടുകാരിയെ നേരിൽ കാണണം. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണി. ഇതേത്തുടർന്നുണ്ടായ ഭയമായിരുന്നു മകളുടെ മാറ്റത്തിന് കാരണം. ഒടുവിൽ മാസങ്ങൾ നീണ്ട കൗൺസിലിംഗിനൊടുവിലാണ് മകളെ പഴയതുപോലെ തിരികെ കിട്ടിയത്. ഇത് നൂറ് കണക്കിന് സംഭവങ്ങളിലെ ഒന്നു മാത്രമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളും സൈക്കോ സോഷ്യൽ കൗൺസിലർമാരും വനിതാ ശിശുവികസന വകുപ്പ് അധികൃതരും പറയുന്നു
കൈവിടുന്നു കൗമാരം
കൗമാരക്കാരാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് ഇരയാകുന്നതും മറ്റുള്ളവരെ ഇരകളാക്കുന്നതും. പോക്‌സോ കേസുകളുടെയും കുറ്റവാളികളുടെയും എണ്ണത്തിൽ വൻ വർദ്ധനയുണ്ട്. അടുത്തകാലത്തായി പോക്‌സോ കേസുകളിൽ 80ശതമാനത്തിലും വില്ലൻ സോഷ്യൽ മീഡിയയാണ്. കൗൺസിലിംഗ് സെന്ററുകളിലെത്തുന്ന ഈ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണവും അവിശ്വസനീയമായി വർദ്ധിച്ചു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകളാണ് പ്രധാന പ്രശ്‌നം. ക്ലബ്ഹൗസ് ഉൾപ്പെടെയുള്ള പുതുപുത്തൻ നവമാദ്ധ്യമവഴികളും വഴിതെറ്റലിന് ഇടമൊരുക്കുന്നു.
ലഹരിയും മോഷണവും വരെ
ആൺപെൺ സൗഹൃദവും പ്രണയവും മാത്രമല്ല പ്രശ്‌നങ്ങൾ. ആൺകുട്ടികളുടെ സൗഹൃദങ്ങളിലെ ചർച്ചകളിലേറെയും ലഹരിയും, ബൈക്ക് റേസും, ഗെയിമുകളും ലൈംഗികതയും. സിഗരറ്റിലും കള്ളിലും തുടങ്ങുന്ന ഇത്തരം കുട്ടി സൗഹൃദം വലിയ ലഹരിതേടലിനുള്ള വഴിയാകും. അതിന് കൂട്ടാകുന്നതും വാട്‌സാപ്പും ഫേസ്ബുക്കും ടെലഗ്രാമുമെല്ലാം തന്നെ. ഇങ്ങനെയുള്ള നവമാദ്ധ്യമ കൂട്ടായ്മകളിൽ പെൺകുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.
ഉപയോഗിക്കുന്ന മാദ്ധ്യമങ്ങൾ
പ്രധാന പ്രശ്‌നങ്ങൾ
അനന്തരഫലങ്ങൾ
300ലേറെ - (സൈക്കോസോഷ്യൽ കൗൺസിലർമാർ മൂന്ന് മാസത്തിനിടെ പരിഗണിച്ച,
സോഷ്യൽ മീഡിയ വില്ലനായ കേസ് മാത്രം)
ചൈൽഡ് വെൽഫെയർ കമ്മിറ്റി
499 (മൂന്ന് മാസത്തിനിടെ ആകെ പരിഗണിച്ചത്)
271 (സോഷ്യൽ മീഡിയ വില്ലനായത്)
ജില്ലയിലെ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രം
ഒന്നര മാസത്തിനിടെ- ആകെ 39 കേസുകൾ
സോഷ്യൽ മീഡിയ പ്രശ്‌നം- 17
ഓൺലൈൻ ക്ലാസുകളുടെ കാലത്താണ് കൗമാരക്കാരിലെ സോഷ്യൽ മീഡിയ ഉപയോഗം ഇത്രയേറെ വർദ്ധിച്ചത്.
കലാമണി എ.ആർ
സൈക്കോ സോഷ്യൽ കൗൺസിലർ ആൻഡ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
സമൂഹമാദ്ധ്യമങ്ങളുടെ പങ്കോടെയുള്ള കുറ്റകൃത്യങ്ങൾ അവിശ്വസനീയമാം വിധത്തിൽ വർദ്ധിച്ചു
ഡോ. ബിനു രവി,
ചൈൽഡ് വെൽഫെയർ കമ്മിറ്റി
സ്‌കൂളിന് പുറത്ത് മൊബൈൽ ഒളിപ്പിച്ച് വെച്ചെത്തുന്ന കൂട്ടികൾ ഏറെ. സ്‌കൂൾ വിട്ടാൽ അവരുടെ സോഷ്യൽമീഡിയ ഇടപെടൽ നിയന്ത്രിക്കാൻ അദ്ധ്യാപകർക്ക് പരിമിതിയുണ്ട്.
ജി. രാജേഷ്,
അദ്ധ്യാപകൻ