ആലുവ: അദ്വൈതാശ്രമത്തിന്റെ ഭൂമി നഗരസഭ കൈയേറാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ സംഘടനകൾ ആശ്രമത്തിന് പിന്തുണയുമായെത്തി. ആശ്രമത്തിലേക്കുള്ള വഴി കൈയേറി ടൈൽ വിരിക്കുകയും ആർച്ച് സ്ഥാപിക്കാൻ ശ്രമിച്ചതിനെതിരെയുമുള്ള സമരത്തിന്റെ ഭാഗമായി ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു
ആശ്രമം കരമൊടുക്കുന്ന ഭൂമി വഴിയായി ഉപയോഗിക്കാൻ വാക്കാൽ അനുവദിച്ചതല്ലാതെ ഭൂമി നഗരസഭയ്ക്ക് കൈമാറിയിട്ടില്ലെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സന്ദർശകസംഘത്തോട് പറഞ്ഞു. ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും കൗൺസിലറുമായ എൻ. ശ്രീകാന്ത്, കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആർ. സതീഷ്‌കുമാർ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് പദ്മകുമാർ, വി.പി. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
ഹിന്ദു ഐക്യവേദി
ആശ്രമത്തിന്റെ വസ്തു കൈയേറാനുള്ള നീക്കം നഗരസഭ അധികാരികൾ ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആലുവ അദ്വൈതാശ്രമത്തിന്റെ പടിഞ്ഞാറുവശത്ത് കടവിലേക്ക് പോകുന്നതിന് ആശ്രമം വാക്കാൽ അനുവദിച്ചിട്ടുള്ള സ്ഥലം മുനിസിപ്പാലിറ്റിയുടേതാക്കാനുള്ള കുത്സിതശ്രമമാണ് നടന്നത്. ആശ്രമത്തിന്റെ അനുവാദമില്ലാതെ നഗരസഭ നടത്തിയ നിർമ്മാണം നിയമവിരുദ്ധമാണെന്നും നഗരസഭയുടെ അനധികൃത കൈയേറ്റശ്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി. താലൂക്ക് സമിതി യോഗത്തിൽ രാജൻ കീഴ്മാട് അദ്ധ്യക്ഷത വഹിച്ചു. ജില്ല വർക്കിംഗ് പ്രസിഡന്റ് പി.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി തൃദീപൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.