luke

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് 16 കോടിയുടെ വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെതിരെ വകുപ്പുതല നടപടികൾക്ക് നീക്കമാരംഭിച്ചു. ലൂക്കിനെ പിരിച്ചുവിടാൻ പ്രിവന്റീവ് വിഭാഗം ശുപാർശ ചെയ്യും.

വിദേശത്തു നിന്നെത്തിയവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് വിദേശമദ്യം കടത്തിയ കേസിൽ ലൂക്കിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അറസ്റ്റു ചെയ്തത്. രണ്ടു വർഷം മുമ്പ് മദ്യക്കടത്ത് പുറത്തുവരുകയും സി.ബി.ഐ അന്വേഷിച്ച് ലൂക്ക് ഉൾപ്പെടെ നാലു പേരെ അറസ്റ്റു ചെയ്ത് കുറ്റപത്രം നൽകുകയും ചെയ്തിരുന്നു. ഇതുവരെ ലൂക്കിനെതിരെ കസ്റ്റംസ് അച്ചടക്കനടപടി സ്വീകരിച്ചിരുന്നില്ല. ഉന്നതബന്ധം ഉപയോഗിച്ച് ലൂക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സൂപ്രണ്ടായി തുടരുകയായിരുന്നു. കള്ളക്കടത്ത് തടയാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ തന്നെ ഒത്താശ ചെയ്തതിന് ഗൗരവമുള്ള വകുപ്പുകളാണ് പ്രിവന്റീവ് വിഭാഗം ചുമത്തിയത്.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തതിന് ഡി.ആർ.ഐ അറസ്റ്റു ചെയ്ത നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ വിമാന കമ്പനികളിൽ നിന്ന് ശേഖരിച്ച് പ്ളസ് മാക്സ് എന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന് കൈമാറിയത് ലൂക്കായിരുന്നു. 15 വിമാനക്കമ്പനികളിൽ നിന്ന് 13,000 യാത്രക്കാരുടെ വിവരങ്ങളാണ് കൈമാറിയത്. നാലു വയസുള്ള കുട്ടിയും മദ്യം വാങ്ങിയതായി പ്ളസ് മാക്സ് രേഖകളുണ്ടാക്കി 16 കോടിയുടെ വിദേശമദ്യം കടത്തിയെന്നാണ് കണ്ടെത്തൽ.