കൊച്ചി: കൊച്ചി നഗരസഭാ പരിധിയിലെ തെരുവുകച്ചവടത്തിനു അനുമതി നൽകുന്ന അംഗീകൃത പദ്ധതി മാർച്ച് 18 നകം നഗരസഭ അന്തിമമാക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ സമയം നൽകാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വഴിയോരക്കച്ചവടത്തിനുള്ള മാനദണ്ഡങ്ങൾ അന്തിമമാക്കാനും ഇതനുസരിച്ച് യോഗ്യത നിശ്ചയിക്കാനും സമയം വേണമെന്ന മോണിട്ടറിംഗ് കമ്മിറ്റിയുടെ ആവശ്യം കണക്കിലെടുത്ത് പുതിയ ലൈസൻസ് നൽകുന്നതു മാർച്ച് 18 വരെ നഗരസഭ നിറുത്തി വെക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ തടയണമെന്നതടക്കമുള്ള ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അനധികൃതമായി തെരുവുകച്ചവടങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മേയറും ജില്ലാകളക്ടറും കമ്മിഷണറും കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കൊച്ചി സ്മാർട്ട് സിറ്റി മിഷൻ സി.ഇ.ഒയും ഉൾപ്പെടുന്ന ഒരു മോണിട്ടറിംഗ് സമിതിക്ക് രൂപംനൽകാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ സമിതി യോഗംചേർന്നു ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇതു ഹൈക്കോടതി അംഗീകരിച്ചു.

 അംഗീകരിച്ച നിർദ്ദേശങ്ങൾ

ലൈസൻസുള്ള കച്ചവടക്കാർ മാത്രമേ തെരുവു കച്ചവടം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

ലൈസൻസ് കടകളിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

നടപ്പാതക്ക് മൂന്നു മീറ്ററിൽ കൂടുതൽ വീതിയുള്ള മേഖലകളിൽ മാത്രമേ വഴിയോരക്കച്ചവടം അനുവദിക്കൂ.

കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഉറപ്പാക്കണം.

ഒരു കടയ്ക്ക് 15 മുതൽ 25 ചതുരശ്രയടിവരെ സ്ഥലം അനുവദിക്കാം.

 കളക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകണം

നഗരത്തിലെ തെരുവുകച്ചവടവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയ 22 കടയുടമകളുടെ വിവരങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. ജില്ലാ കളക്ടർ ഇവർക്ക് നോട്ടീസ് നൽകി വിശദീകരണം കേട്ട് മാർച്ച് 18നകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു.