m
ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സന്ദർശനം നടത്തുന്നു.

കുറുപ്പംപടി: ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിന്റെ വികസനത്തിനായി രണ്ടുകോടി രൂപയുടെ പദ്ധതി സംസ്ഥാന സർക്കാരിലേക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. മാർച്ച് 15ന് ഫാംഡേ നടത്തും. ഓടക്കാലി ഫാമിൽ വികസിപ്പിച്ചെടുത്ത രാമച്ചത്തിന്റെ വിത്തുകളുടെ ലോഞ്ചിംഗും നടത്തും. ഇഞ്ചിപ്പുൽ കൃഷി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ഇവ തിരികെ ശേഖരിച്ച് പുൽത്തൈലമാക്കി ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിന്റെ വിപണനശാലവഴി വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ ചർച്ചചെയ്തു. ഫാമിൽ മണ്ണ് ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും വേണ്ടത്ര ജോലിക്കാരെ നിയമിക്കുന്ന കാര്യങ്ങൾ ഉടനെ ചെയ്യുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കർഷകർക്ക് മണ്ണിന്റെ ഘടന മനസ്സിലാക്കി നന്നായി കൃഷിചെയ്യാൻ ഇതിലൂടെ സാധിക്കും. ഉത്പന്നവർദ്ധനവ് ലക്ഷ്യമാക്കി കൃഷിയിറക്കുമ്പോൾ ലാഭംകൂട്ടുവാൻ പുതിയ സംരംഭത്തിന് സാധിക്കും.

ഗുണമേന്മയുള്ള രാമച്ചം കൂടുതലായി വികസിപ്പിച്ചെടുക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാൻസർ ചികിത്സയ്ക്ക് ഫലപ്രദമായ ഔഷധസസ്യങ്ങൾ കൂടുതലായി കൃഷിചെയ്യുന്നതിന് പദ്ധതി രൂപീകരിക്കുവാനും ധാരണയായി.

ഫാം മേധാവിയുടെ ചേംബറിൽവച്ച് കൂടിയ ഉപദേശകസമിതി യോഗത്തിലും സന്ദർശനവേളയിലും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ഡോ. സുരേഷ്‌കുമാർ, ഡോ. ജ്യോതി എം.എൽ, ഡോ. ആൻസി ജോസഫ്, ഡോ. തങ്കമണി കെ, എൽദോ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.