
കൊച്ചി: ചെന്നൈ വഴി കേരളത്തിലേക്ക് എത്തുന്ന 'യൂറോപ്യൻ' ലഹരിമരുന്ന് കടത്തിനും വില്പനയ്ക്കും പിന്നിൽ, കാക്കനാട് എം.ഡി.എം.എ കേസിൽ അറസ്റ്റിലായ ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേഠിന്റെ മരുമകനുൾപ്പെടുന്ന ശ്രീലങ്കൻ സംഘമെന്ന് എക്സൈസ് സ്ഥിരീകരിച്ചു. ഷംസുദ്ദീന്റെ മൂത്തമകളുടെ ഭർത്താവാണ് ശ്രീലങ്കയിലുള്ളത്. ലഹരിക്കേസിൽ പിടിയിലായ ഇയാളിപ്പോൾ ശ്രീലങ്കൻ ജയിലിലാണ്. കൂട്ടുപ്രതിയായ ഭാര്യയും അകത്താണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്രീലങ്കൻ ലഹരിസംഘം ഇപ്പോഴും സജീവമാണ്. ഇവർ വഴിയാണ് സ്പെയിനിൽനിന്നുപ്പെടെ എം.ഡി.എം.എ രാജ്യത്തേക്ക് എത്തുന്നത്. ഷംസുദ്ദീനാണ് വില്പനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. ഇയാൾ വൻതോതിൽ പണമുണ്ടാക്കിയിട്ടുണ്ട്. ഷംസുദ്ദീന്റെ അറസ്റ്റോടെ കാക്കനാട് എം.ഡി.എം.എ കേസിൽ തുടരന്വേഷണത്തിന് വഴിതുറന്നിരിക്കുകയാണ്. 25ാം പ്രതിയായ ഷംസുദ്ദീൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടിയിലായത്. കുടുംബസമേതം ഒളിവിലായിരുന്നു. മധുരയിൽ നിന്നാണ് പിടികൂടിയത്. അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ചെന്നൈയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് തുടർനടപടി നീട്ടിയത്.
സേഠ് തന്നെ അക്ക
കാക്കനാട് കേസിലെ പ്രതികൾക്ക് ലഹരി കൈമാറിയത് അക്കയെന്ന് അറിയപ്പെടുന്ന തമിഴ് സ്ത്രീയാണെന്നാണ് കരുതിയിരുന്നത്. വിശദമായ അന്വേഷണത്തിൽ അക്ക ഷംസുദ്ദീൻ സേഠാണെന്ന് തിരിച്ചറിഞ്ഞു. ചിലയടങ്ങളിൽ മാമിയെന്ന പേരിലാണ് ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്. പൊലീസ് പിടികൂടാതിരിക്കാനായിരുന്നു ഇത്. ഭാര്യയുടെ മൊബൈലും രേഖകളുമാണ് പണമിടപാടിനുൾപ്പെടെ ഉപയോഗിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്നാണ് എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.
കസ്റ്റംസിന് കൈമാറി
ഷംസുദ്ദീന്റെ അറസ്റ്റും യൂറോപ്യൻ ലഹരിക്കത്ത് സംബന്ധിച്ച വിവരങ്ങളും എക്സൈസ് ക്രൈം ബ്രാഞ്ച് കൊച്ചി കസ്റ്റംസ് പ്രിവിന്റീവ് വിഭാഗത്തിന് കൈമാറി. ചെന്നൈ വിമാനത്താവളം, തുറമുഖം എന്നിവ വഴിയുള്ള ലഹരിക്കടത്തിൽ കസ്റ്റംസ് ചെന്നൈ യൂണിറ്രിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഷംസുദ്ദീൻ സേഠിനായും ഇവർ തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയത്.
കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷംസുദ്ദീന്റെ ശ്രീലങ്കൻ ബന്ധം വിശദമായി പരിശോധിച്ച് വരികയാണ്.
ടി.എം. കാസിം
അസി. കമ്മിഷണർ
എക്സൈസ് ക്രൈംബ്രാഞ്ച്