മൂവാറ്റുപുഴ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നാഷണൽ സവ്വീസ് സ്‌കീം യൂണിറ്റിലെയും ഭൂമിത്രസേന ക്ലബിലെയും വിദ്യാർത്ഥികൾ. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക ആരോഗ്യപ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് സർക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ പതിനായിരംരൂപ പിഴ ചുമത്താൻ വ്യവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും ആരുംതന്നെ ഗൗനിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് 2021ലെ സംസ്ഥാന ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ഇന്നൊവേഷൻ അവാർഡ് ലഭിച്ച സജു രവീന്ദ്രൻ ഈസി പേപ്പർമേക്കറിന്റെ സഹായത്തോടെ പേപ്പർ കാരിബാഗ് നിർമ്മിക്കുന്നത്. ഇതിൽ പരിശീലനം നേടിയവരാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾ. ഈ ലഘുയന്ത്രത്തിന്റെ സഹായത്തോടെ ന്യൂസ്‌പേപ്പർ ഉൾപ്പെടെയുള്ള ഏതുപേപ്പറിലും പത്തുകിലോഗ്രാംവരെ ഭാരംതാങ്ങുവാൻ കഴിയുന്ന പേപ്പർകാരിബാഗുകൾ നിർമ്മിക്കാം. ഇതിനായി രണ്ട് ഷീറ്റ് ന്യൂസ്‌പേപ്പർ, മൂന്നുമീറ്റർ ജ്യൂട്ട്നാര്, മൈദാമാവിൽ തയ്യാറാക്കിയ പശ എന്നിവ മതി. ഇത്തരത്തിൽ ഒരു ക്യാരി ബാഗനിർമ്മിക്കുവാൻ ഒരു രൂപയിൽ താഴെമാത്രമേ ചെലവ് വരികയുള്ളൂ. രണ്ട് മിനിറ്റിൽ ഒരു ബാഗ് തയ്യാറാക്കാം. ഈ ഉപകരണത്തിന് ആയിരത്തിഅഞ്ഞൂറ് രൂപയിൽ താഴെയേ വിലയുള്ളു.
പ്ലാസ്റ്റിക്കിനെതിരെ സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും യുദ്ധംകൂടിയാണിതെന്ന് അദ്ധ്യാപകനായ സമീർ സിദ്ദീഖി പറഞ്ഞു. പരിസ്ഥിതി സൗഹൃദമാണ് ഈ പ്രവർത്തനങ്ങളുടെ കാതലെന്ന് പ്രിൻസിപ്പൽ റനിതാ ഗോവിന്ദ് പറഞ്ഞു. അധികം മുതൽ മുടക്കില്ലാതെ ചെയ്യാനാവുന്നതിനാൽ വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഇത് സ്വയം തൊഴിലായി സ്വീകരിക്കാം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലും ജില്ലയിലെ എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ഒരു ദിവസത്തെ സൗജന്യപരിശീലനം നൽകി ഇവരിലൂടെ ഒരുലക്ഷം പേപ്പർകാരിബാഗ് നിർമ്മിച്ച് പൊതുജനങ്ങളിലെത്തിക്കാനാണ് വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്.