df

അയ്യമ്പുഴ: സ്ത്രീശാക്തീകരണത്തിന് കരുത്തുകൂട്ടാൻ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനവുമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2021- 22 സാമ്പത്തികവർഷം 1.5 ലക്ഷം രൂപയാണ് പെൺകുട്ടികളുടെ ആയോധന പരിശീലനത്തിനായി വകയിരുത്തിയിരിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചയുടൻ അപേക്ഷകരുടെ തിരക്കായി. 5 മുതൽ 20 വയസ് വരെയുള്ള 73 പെൺകുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാദിവസവും വൈകിട്ട് 5 മുതൽ 6.30 വരെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ക്രിസ്തീയ ദേവാലയ മുറ്റത്താണ് കളരി നടക്കുന്നത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ തുടങ്ങിയ കരാട്ടെ പരിശീലനം വൻ വിജയമായതിൽ പഞ്ചായത്ത് ഭരണസമിതിയും ഉത്സാഹത്തിലാണ്. വരും വർഷങ്ങളിൽ ഈ പദ്ധതിക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനുള്ള മന:ക്കരുത്തും മെയ്ക്കരുത്തും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.

വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സണും ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയശ്രീ സഹദേവൻ, കൺവീനറും ഐ.സി.ഡി.എസ്. സൂപ്പർവൈസറുമായ ടി.എ. മനീഷ എന്നിവർക്കൊപ്പം കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികളുമാണ് കരാട്ടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കൊച്ചുകുട്ടികളെയും മുതിർന്നവരെയും രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് പരിശീലനം. ക്ലാസിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും കരാട്ടെയിൽ നല്ല ഭാവിയുള്ളവരാണെന്ന് മുഖ്യപരിശീലനകൾ പി.എ. മാർട്ടിൻ പറഞ്ഞു.

 2021- 22 സാമ്പത്തികവർഷം കരാട്ടെയ്ക്ക് മാറ്റിവച്ചത് : 1.5 ലക്ഷം രൂപ