sabu-m-jacob

കൊച്ചി: പി.വി. ശ്രീനിജിൻ എം.എൽ.എ ആസൂത്രണവും ഗൂഢാലോചനയും നടത്തിയാണ് കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകൻ സി.കെ ദീപുവിനെ സി.പി.എമ്മുമാർ കൊലപ്പെടുത്തിയതെന്ന് ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് ചെയർമാനുമായ സാബു എം. ജേക്കബ് ആരോപിച്ചു. എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും മൊബൈൽ ഫോണുകൾ പി‌ടിച്ചെടുത്ത് പരിശോധിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദീപുവിന്റെ കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം എം.എൽ.എയ്ക്കാണ്. ഒരു ഹോട്ടലിലുൾപ്പെടെ ഒരാഴ്ചയോളം നടത്തിയ ഗൂഢാലോചനയിൽ എം.എൽ.എയ്ക്ക് മുഖ്യപങ്കുണ്ട്. തനിക്കെതിരെ വിമർശനവും പ്രതിഷേധവും പാടില്ലെന്നാണ് എം.എൽ.എയുടെ നിലപാട്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി അട്ടിമറിക്കാൻ എം.എൽ.എ ശ്രമിച്ചിരുന്നു.

കൊല്ലപ്പെട്ട ദീപുവിന് കൊവിഡുണ്ടെന്ന് വരുത്താൻ എം.എൽ.എയും ഭരണപക്ഷവും സ്വകാര്യ ആശുപത്രിയുമായി ഗൂഢാലോചന നടത്തി. ദീപുവിനെ ആദ്യം പ്രവേശിപ്പിച്ച പഴങ്ങനാട്ടെയും വിദഗ്ദ്ധ ചികിത്സയ്ക്ക് മാറ്റിയ ആലുവയിലെയും സ്വകാര്യ ആശുപത്രികളിലെ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയിരുന്നില്ല. ദീപുവിന്റെ പരിക്ക് ഗുരുതരമാണെന്നും രക്ഷപ്പെടാൻ തീരെ സാദ്ധ്യതയില്ലെന്നും ആദ്യം അറിയിച്ച ആലുവയിലെ ആശുപത്രി പിന്നീട് സ്വരം മാറ്റി. നേരിയ ചലനമുണ്ടെന്ന് പറഞ്ഞ് ദിവസങ്ങൾ വെന്റിലേറ്ററിൽ കിടത്തി. കൊവിഡ് ബാധിച്ചെന്ന് ആശുപത്രി അറിയിച്ചത് മരണത്തിന് ശേഷമാണ്. എം.എൽ.എയുടെയും സി.പി.എമ്മിന്റെയും സമ്മർദ്ദത്തിന് ആശുപത്രി വഴങ്ങിയെന്ന് സംശയമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും അട്ടിമറിക്കുമെന്ന് ആശങ്കയുണ്ട്.

ട്വന്റി 20 ഭരിക്കുന്ന നാലു ഗ്രാമപഞ്ചായത്തുകളിൽ ക്രമസമാധാനപ്രശ്നങ്ങൾ ഇല്ലായിരുന്നു. പി.വി. ശ്രീനിജിൻ തിരഞ്ഞെടുക്കപ്പെട്ട് പത്തു മാസത്തിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ട്വന്റി 20യെയും കിറ്റെക്സിനെയും തകർക്കാനും തന്നെ ഇല്ലാതാക്കാനുമാണ് എം.എൽ.എ ശ്രമിക്കുന്നത്. അധികാരവും സമ്പത്തും ഉപയോഗിച്ച് എന്തും കാണിക്കുമെന്ന ഭീഷണിയാണ്. ഗുണ്ടകളെയും ഉപയോഗിക്കുന്നുണ്ട്. ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റുമാരെയും മെമ്പർമാരെയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥരെയും പൊലീസിനെയും വരുതിയിലാക്കി പഞ്ചായത്ത് പ്രവർത്തനങ്ങൾ തടയുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.