vd-satheesan

കൊച്ചി: കാര്യസാദ്ധ്യത്തിനായി ഭിക്ഷാംദേഹിയെപ്പോലെ അഞ്ച് രാഷ്ട്രീയപ്പാർട്ടികളിൽ മാറിമാറി നടന്നിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയസ്ഥിരതയില്ലാത്ത, പ്രവർത്തിച്ച പാർട്ടികളോട് കൂറില്ലാത്തയാളുടെ ഉപദേശം കേൾക്കില്ല. ഗവർണർ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. സംഘപരിവാർ നേതാക്കളുടെ പണിയാണ് ഗവർണർ ചെയ്യുന്നത്.

ഗവർണറെ നിലയ്ക്കുനിറുത്താൻ സർക്കാരിന് ആർജ്ജവമില്ല. കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിന് ഗവർണർ കൂട്ടുനിന്നു. ലോകായുക്ത ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകി. നയപ്രഖ്യാപനം നടത്തില്ലെന്ന് സർക്കാരിനെ ഭീഷണിപ്പെടുത്തി പൊതുഭരണ സെക്രട്ടറിയുടെ സ്ഥാനം തെറിപ്പിച്ചു.

 'രാജിവയ്ക്കേണ്ടിവരുമായിരുന്നു"

ഭരണഘടനാവിരുദ്ധമായ തീരുമാനം ഗവർണർ പ്രഖ്യാപിച്ചപ്പോൾ സർക്കാർ വഴങ്ങി. ഗവർണറെന്ന നിലയിൽ നയപ്രഖ്യാപനം നടത്താൻ ബാദ്ധ്യതയുള്ള ആളാണെന്നു പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇല്ലാതെപോയി. നയപ്രഖ്യാപനപ്രസംഗം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവയ്‌ക്കേണ്ടി വന്നേനെ.