
കൊച്ചി: ഊർജ്ജവകുപ്പിന് കീഴിലെ അനർട്ട് നടപ്പാക്കുന്ന സൗരതേജസ്സ് 25മെഗാ വാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയ പദ്ധതിയുടെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണ പരിപാടിയും തിങ്കളാഴ്ച ആരംഭിക്കും.
ജില്ലാതല ഉദ്ഘാടനം പകൽ 11ന് ഹൈബി ഈഡൻ എം.പി നിർവ്വഹിക്കും. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാൾ, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ ഊർജ്ജമിത്ര സെന്ററുകൾ, എറണാകുളം റെപ്‌കോസ്, പെരുമ്പാവൂർ മാർതോമസ് കോളേജ് ഫോർ വിമൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ വിശദവിവരങ്ങൾ അറിയാനും രജിസ്‌ട്രേഷനും ഇഷ്ടമുള്ള ഡെവലപ്പറെ തിരഞ്ഞെടുക്കാനും അവസരമുണ്ടാകും. 20 ലധികം സോളാർ പവർ പ്ലാന്റ് ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാനാകും.
കെ.എസ്.ഇ.ബി കൺസ്യൂമർ നമ്പർ, ഉപഭോക്താവിന്റെ ആധാർ നമ്പർ, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ വേണം. 1,000 രൂപയും ജി.എസ്.ടിയും ഓൺലൈനായി അടയ്ക്കണം. ബുധനാഴ്ച സമാപിക്കും.