vinod-kumar

മുംബയ് /കൊച്ചി : വരാപ്പുഴ പീഡനക്കേസിൽ കോടതി വെറുതേ വിട്ടയാളെ മഹാരാഷ്ട്രയിലെ റായ്ഗഡിൽ തല്ലിക്കൊന്ന് കിണറ്റിൽ താഴ്‌ത്തിയ രണ്ട് പേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വീട്ടിൽ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെയുള്ള കാശിദ് സ്വദേശികളാണ് അറസ്റ്റിലായത്.

വരാപ്പുഴയിൽ 2011ൽ ശോഭാ ജോണിന്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ കേസിലെ പ്രതിയായിരുന്നു വിനോദ്. ഇരയുടെ സഹോദരീ ഭർത്താവായ വിനോദിന്റെ ഭാര്യയും പ്രതിയായിരുന്നു. കേസിന് പിന്നാലെ വിനോദ് കേരളം വിട്ട് കാശിദിലെ ബീച്ച് റിസോ‌ർട്ടിൽ ജോലി ചെയ്യുകയായിരുന്നു. വിനോദുൾപ്പെടെ അഞ്ച് പേരെ എറണാകുളം അഡി. സെഷൻസ് കോടതി പിന്നീട് വെറുതേ വിട്ടു.

തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് ആദിവാസി കോളനിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്. കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് വിനോദ്കുമാറാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം അഴുകിയതിനാൽ ബന്ധുക്കളുടെ അനുമതിയോടെ റായ്ഗഡിൽ സംസ്‌കരിച്ചു.

 വരാപ്പുഴ പീഡനം

വരാപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് 2011 മാർച്ചിൽ ശോഭാ ജോണിന്റെ നേതൃത്വത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. അനാശാസ്യക്കേസിൽ അറസ്റ്റിലായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നു കണ്ട് നടത്തിയ അന്വേഷണം കേസിലേക്ക് നയിച്ചു. 34 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 24 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. അഞ്ചെണ്ണത്തിൽ വിചാരണ പൂർത്തിയായി.

വരാപ്പുഴ തിരുവനന്തപുരം തിരുമല എം.എസ്.പി നഗർ ബഥേൽ ഹൗസിൽ ശോഭാ ജോൺ, മുൻ ആർമി ഓഫീസർ ജയരാജൻ നായർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.