മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രമായ വളക്കുഴിയിൽ വീണ്ടും വൻതീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. വൈകിട്ട് അഞ്ചരയോടെയാണ്
തീ പൂർണമായും അണച്ചത്.
മാലിന്യം തരംതിരിക്കുന്ന കുടുംബശ്രീ പ്രവർത്തകരാണ് തീഉയരുന്നത് ആദ്യംകണ്ടത്. പടക്കം പൊട്ടിത്തെറിക്കുന്നതുപോലുള്ള ശബ്ദംകേട്ടതായും പരിസരവാസികൾ പറഞ്ഞു. എന്നാൽ ഇത് ബാറ്ററിയും ഗ്യാസ്‌ലൈറ്ററും പൊട്ടിയ ശബ്ദമാണെന്നാണ് നിഗമനം.
ഫയർഫോഴ്സ് ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റും നിരവധി ടാങ്കർലോറികളും സംഭവസ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കടുത്ത വേനലായതിനാൽ തീ ആളിക്കത്തുകയും അന്തരീക്ഷമാകെ പുകപടലംകൊണ്ട് നിറയുകയുംചെയ്തു. പത്തുപേരടങ്ങുന്ന സിവിൽ ഡിഫൻസും 15 ഫയർഫോഴ്സ് അംഗങ്ങളും ചേർന്നാണ് തീ അണച്ചത്. ഫയർഫോഴ്സിന്റെ അവസോരോചിതമായ ഇടപെടൽമൂലം തീ സമീപപ്രദേശത്തേക്ക് പടർന്നില്ല. കത്തിക്കൊണ്ടിരുന്ന മാലിന്യം വെള്ളമടിച്ച് ജെ.സി.ബി ഉപയോഗിച്ച് കോരിമാറ്റി.
തീ പിടിക്കുന്നത് മൂന്നാം തവണ
വളക്കുഴിയിലെ മാലിന്യകേന്ദ്രത്തിന് മൂന്നാം തവണയാണ് ഇപ്പോൾ തീപിടിക്കുന്നത്. മാലിന്യ കേന്ദ്രത്തിന് തീപിടിക്കാതിരിക്കുന്നതിനുള്ള ആധുനിക സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവസ്ഥലം നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, കൗൺസിലർമാരായ അമൽ ബാബു,അജി മുണ്ടാട്ട്, പി.എം അബ്ദുൽ സലാം എന്നിവർ സംഭവസ്ഥലത്തുണ്ടായിരുന്നു. ഫയർ സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫീസർ ടി.ടി. ജിജിമോൻ, ലീഡിംഗ് ഫയർമാൻ കെ.പി. സുബ്രഹ്മണ്യൻ, രഞ്ജിത്, നൗഷാദ്, രതീഷ്‌കുമാർ, അനന്തു പി.ആർ, വിഷ്ണു, നിഷാദ്, ലിബി ജയിംസ്, ടോമി പോൾ, ദിവാകരൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ നിഥിൻ എസ്. നായർ, ആനന്ദരാജ്, ഷാജി എം.ജെ, അജേഷ് കെ.എസ്, ആരോൺ കൃഷ്ണ, അക്ഷയ് കെ. ബിജു, ബിലാൽ പി.ബഷീർ, അതുൽ ജിജി, അൻസൽ അൻസാർ തുടങ്ങിയവർ തീ അണക്കാൻ നേതൃത്വം നൽകി.