lock

കൊച്ചി: വൈപ്പിൻ മാലിപ്പുറം പത്രോസ് സ്ലീഹാ കപ്പേളയുടെ മുൻവാതിലിന്റെ അഴികളിൽ നിറയെ താഴുകളാണ്. ദിവസവും പുതിയ താഴുകളെത്തും. കപ്പേളയ്ക്ക് മുന്നിൽ താഴിട്ട് പൂട്ടി താക്കോൽ ഭണ്ഡാരത്തിൽ സമർപ്പിച്ചാൽ പിന്നെയെല്ലാം പുണ്യാളൻ കാത്തോളുമെന്നാണ് വിശ്വാസം.

വീടു പണി വിഘ്നങ്ങളില്ലാതെ പൂർത്തിയാകാൻ, തൊഴിൽ സംരംഭങ്ങൾ നഷ്ടത്തിലാവാതിരിക്കാൻ, അസുഖം ഭേദമാകാൻ,​ വലനിറയെ മീൻ കിട്ടാൻ, പാടത്ത് നൂറുമേനി വിളവിന് തുടങ്ങി പ്രണയബന്ധങ്ങൾ സഫലമാകാൻ വരെ താഴ് വഴിപാട് സമർപ്പിക്കുന്നവരുണ്ട്. വഴിപാട് അർപ്പിക്കാൻ ജാതിമത ഭേദമെന്യേ ആൾക്കാർ ഇവിടെ എത്തുന്നുണ്ട്. നിത്യാരാധന ഇല്ലാത്ത കപ്പേളയാണിത്. ആഴ്ചയിലൊരിക്കലാണ് പ്രാർത്ഥന.

പതിറ്റാണ്ടുകൾ പഴക്കമുള്ള കപ്പേളയിൽ എന്നുമുതലാണ് ഈ വഴിപാട് തുടങ്ങിയതെന്ന് ആർക്കും നിശ്ചയമില്ല. ക്രിസ്തുവിന്റെ ശിഷ്യനും റോമിലെ ആദ്യകാല സഭാതലവനുമായ പത്രോസിന്റെ കൈയിൽ രണ്ടു താക്കോലുള്ളതാണ് താഴു നൽകി അനുഗ്രഹം വാങ്ങാൻ ഭക്തർക്ക് പ്രചോദനമാകുന്നതെന്ന് ഇടവക വികാരി ഫാ. റോണി മണയ്ക്കൽ പറയുന്നു. പത്രോസ് സ്വർഗത്തിൽ കെട്ടുന്നതൊക്കെ ഭൂമിയിലും കെട്ടപ്പെടും, ഭൂമിയിൽ തുറക്കുന്നതൊക്കെ സ്വർഗത്തിലും തുറക്കപ്പെടുമെന്നാണ് വിശ്വാസം. അതിന്റെ പ്രതീകമാണ് കൈയിലുള്ള രണ്ടു താക്കോൽ.

നിറയുമ്പോൾ മാറ്റും

പുണ്യാളന്റെ രൂപം കണ്ട് പ്രാർത്ഥിക്കാവുന്ന രീതിയിൽ കപ്പേളയിൽ പകുതിഭാഗം അഴിയുള്ള വാതിലാണ് സ്ഥാപിച്ചിരിക്കുന്നത്. അഴിയിൽ മുഴുവൻ താഴുകൾ നിറഞ്ഞിട്ടുണ്ട്. പുറത്തുനിന്ന് നോക്കിയാൽ രൂപം മറയാത്തവിധം താഴ് തൂക്കാൻ പ്രത്യേകമായി ഒരു ബാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുണ്യാളന്റെ തിരുമുമ്പിൽ തന്നെ പൂട്ടിയാലേ ഭക്തർക്ക് തൃപ്തിയാകു. നിറയുമ്പോൾ ഭാരവാഹികൾ എത്തി താഴുകൾ കൂട്ടത്തോടെ അറുത്തുമാറ്റിയാണ് വാതിലിലെ തടസം നീക്കുന്നത്.