തൃപ്പൂണിത്തുറ: അപകടകെണിയായി മാറിയ സ്കൂളിന്റെ പ്രവേശന കവാടത്തിലെ തകർന്ന റോഡ് അധികൃതർ നന്നാക്കി. കഴിഞ്ഞ ദിവസം രാവിലെ മെറ്റൽ വിരിച്ച് കോൺക്രീറ്റും ടൈലും ഉപയോഗിച്ച് അടിയന്തരമായി നന്നാക്കുകയായിരുന്നു. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് കട്ടിംഗാണ് ഏറെ നാളായി തകർന്ന് കിടങ്ങായി മാറിയത്.
മെയിൻ റോഡിൽ നിന്നും സ്കൂളിലേക്ക് കടക്കുന്ന പ്രധാന ഗെയിറ്റിലാണ് കോൺക്രീറ്റ് തകർന്നും മണ്ണ് ഒലിച്ചുപോയും അരയടിയോളം കട്ടിംഗ് രൂപപ്പെട്ടത്. ഏതാനും ദിവസം മുമ്പ് മുച്ചക്ര സ്കൂട്ടറിൽ വന്ന അദ്ധ്യാപികയ്ക്ക് വാഹനത്തോടൊപ്പം വീണ് പരിക്കേറ്റിരുന്നു. ദിനംപ്രതി ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും വരുന്നവർ കിടങ്ങിൽ വീണ് നട്ടം തിരിയുന്ന അവസ്ഥയായിരുന്നു.