pro-kg-nair

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടറും മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ തൃക്കാക്കര 'നന്ദന"ത്തിൽ ഡോ. കെ. ഗോപാലകൃഷ്ണൻ നായർ (86) നിര്യാതനായി. കുസാറ്റ് ഫിസ്‌ക്‌സ് വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡൽഹി സർവകലാശാലയിലും കേരള സർവകലാശാലയിലും അദ്ധ്യാപകനായിരുന്നു.

1994ൽ വ്യാവസായിക - ലാബ് ഉപകരണങ്ങളുടെ കൃത്യത നിർണയിക്കാനും ഗവേഷണ ഫലങ്ങളുടെ വിശകലനത്തിനുമായി ആരംഭിച്ച സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിന്റെ (സ്റ്റിക്) പ്രോജക്ട് രൂപകല്പനയുടെ ഭാഗമായിരുന്ന അദ്ദേഹം. 2002വരെ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു. കുസാറ്റിൽ 1991ൽ പ്രവർത്തനമാരംഭിച്ച ശാസ്ത്ര സമൂഹകേന്ദ്രവും സയൻസ് പാർക്കും ഡോ. കെ.ജി. നായരുടെ ഭാവനയാണ്. ശാസ്ത്രം കുട്ടികളിലും സാധാരണക്കാരിലുമെത്തിക്കാൻ കവിയായും കഥാകാരനായും നിരവധി രചനകൾ നടത്തിയ അദ്ദേഹം ഡോ. വെളിയനാട് ഗോപാലകൃഷ്ണൻ നായർ എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ശാസ്ത്ര പുസ്തകങ്ങളുടെ പരിഭാഷകനായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ഹോമി ജെ ഭാഭ പുരസ്‌കാരത്തിന് അർഹനായി. സ്വദേശി സയൻസ് അവർഡ്, കൊച്ചിൻ റോട്ടറി അവാർഡ്, കേരള സർക്കാരിന്റെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 190 ഗവേഷണ പ്രബന്ധങ്ങളും 130ലേറെ ശാസ്ത്ര ലേഖനങ്ങളും ശാസ്ത്ര കവിതാ സമാഹാരവും മൂന്ന് ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ. പി.കെ. നവനീതമ്മ. മക്കൾ: ഡോ. ഗോപാൽ ഹരികുമാർ, ഡോ. ജി. ബാലകൃഷ്ണൻ നായർ.