
കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ഉന്നത ഗുണനിലവാരമുള്ള ചികിത്സയുമായി സ്വകാര്യ പെറ്റ് ക്ലിനിക്കുകളും മൃഗാശുപത്രികളും കളം നിറയുന്നു. 100ലേറെ സ്വകാര്യ സ്ഥാപനങ്ങൾ നിലവിലുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെ ബഹുനില കെട്ടിടങ്ങളിൽ കോടികളുടെ മുതൽമുടക്കിൽ പ്രവർത്തിക്കുന്നവയാണ് ഇതിലേറെയും.
17സ്വകാര്യ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയാണ് മുന്നിൽ. വയനാട്ടിലാണ് കുറവ് - മൂന്ന്. പെറ്റ് ഹോസ്പിറ്റലുകളാണ് കൂടുതലും. കന്നുകാലികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. സർക്കാർ മൃഗാശുപത്രികളിലെ വൃത്തിയില്ലായ്‌മ, വേണ്ട സമയത്ത് ഡോക്ടറെ ലഭിക്കായ്ക, ആധുനിക ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവയാണ് സ്വകാര്യ ക്ലിനിക്കുകളെ ജനപ്രിയമാക്കുന്നത്.
അത്യാധുനിക സൗകര്യങ്ങൾ
ഓപ്പറേഷൻ തിയേറ്റർ
ഐ.സി.യു
താക്കോൽദ്വാര ശസ്ത്രക്രിയ
എക്‌സ് റേ
റേഡിയോളജി
അൾട്രാ സൗണ്ട്
ആംബുലൻസ്
ഡോക്ടർമാർക്ക് സർക്കാർ സർവീസ് വേണ്ട
യുവ വെറ്ററിനറി ഡോക്ടർമാരിലേറെയും സ്വന്തം സ്ഥാപനമെന്ന സ്വപ്നത്തിലേക്ക് തിരിയുകയാണ്. ഇവർക്കൊപ്പം അനുഭവ സമ്പന്നരും വിരമിച്ച ഡോക്ടർമാരുമൊക്കെ ചേരുമ്പോൾ വലിയ ക്ലിനിക്കിനും സ്വകാര്യ മൃഗാശുപത്രിക്കും രൂപമാകും. ഏഴ് ഡോക്ടർമാരുടെയും 15ലേറെ സ്റ്റാഫുകളുടെയും സേവനം ലഭിക്കുന്ന ആശുപത്രികളുണ്ട് കൊച്ചിയിൽ.
5 കോടി- (വെറ്ററിനറി ക്ലിനിക്കുകളും പെറ്റ് ക്ലിനിക്കുകകളും തുടങ്ങാനുള്ള ഉപകരണങ്ങൾക്ക് മാത്രം മുടക്ക്)
20-30 (നഗര പ്രദേശങ്ങളിൽ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളും ദിവസവും എത്തുന്ന കേസുകളുടെ എണ്ണം.)
ലൈസൻസ്
സർക്കാർ, തദ്ദേശ സ്ഥാപനം, റേഡിയോളജി, എക്‌സ്‌റേ, അൾട്രാസൗണ്ട് ലൈസൻസ്
സ്വകാര്യ മൃഗ പരിപാലന കേന്ദ്രങ്ങൾ
എറണാകുളം- 17,തിരുവനന്തപുരം- 15,കൊല്ലം- 8, പത്തനംതിട്ട- 9,ആലപ്പുഴ- 8,കോട്ടയം- 8,ഇടുക്കി- 5, തൃശൂർ- 9, മലപ്പുറം- 8, പാലക്കാട്- 5, കോഴിക്കോട്- 7, വയനാട്- 3,കണ്ണൂർ- 4,കാസർകോട്- 4
'കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള അന്തരീക്ഷവുമുണ്ടെങ്കിൽ അവിടേക്ക് ജനങ്ങളെത്തും. തിരക്ക് വർദ്ധിക്കും".
-ഡോ. സുനിൽ കുമാർ,
ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ എറണാകുളം