ആലുവ: സാമൂഹ്യപരിഷ്കർത്താക്കളുടെ മുൻനിരയിലുള്ള ശ്രീനാരായണ ഗുരുദേവനെ മറ്റ് പലരുടെയും പിന്നിലാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇതിനെതിരെ ശ്രീനാരായണീയ സമൂഹം ജാഗ്രത പാലിക്കണം. ആലുവ അദ്വൈതാശ്രമത്തിൽ ഗുരു ധർമ്മ പ്രചാരണ സഭ സംസ്ഥാന - ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി.
ജാതീയമായ വിവേചനം ഇന്നുമുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ശിവഗിരി മഠവും ഗുരു ധർമ്മ പ്രചാരണ സഭയും മുൻപന്തിയിലുണ്ടാകും. ശ്രീനാരായണീയ സമൂഹം എന്നും ധ്യാനവും പ്രാർത്ഥനയുമായി നടന്നതുകൊണ്ട് മാത്രം കാര്യമില്ല. അധാർമ്മികമായ പ്രവർത്തനങ്ങൾക്കെതിരെ മുന്നിൽ നിന്നു പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. പൊതുസമൂഹത്തിലെ അധാർമ്മികതകൾക്കെതിരെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രതികരിക്കണമെന്നും സ്വാമി പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. സഭ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി ബോധി തീർത്ഥ, സ്വാമി ഗുരുപ്രകാശം, സഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, പി.ആർ.ഒ ഇ.എം. സോമനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.