നേര്യമംഗലം: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥിതിചെയ്യുന്ന റാണിക്കല്ല് അവഗണയിൽ. തിരുവിതാംകൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മിബായ് 1935ൽ സ്ഥാപിച്ച ശിലാഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ രാജഭരണകാലത്തിന്റെ ഓർമപ്പെടുത്തലുകളിൽ ഒന്നായ നേര്യമംഗലത്തിന് സമീപത്തെ ഈ റാണിക്കല്ലും പരിസരവും വിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിലാക്കാൻ നടപടി വേണമെന്നാണ് ആവശ്യം .നേര്യമംഗലം പാലത്തിന് സമീപമാണ് റാണിക്കല്ല് സ്ഥാപിച്ചത്. ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്ന ഈ ശിലാഫലകം ഹൈറേഞ്ചിലേക്ക് ആദ്യമായി എത്തുന്നവരുടെ ശ്രദ്ധയിൽപ്പെടാറില്ല. റാണിക്കല്ലിന്റെ ചരിത്രം ഓർമപ്പെടുത്താനോ അറിയിക്കാനോ തക്കസൂചനകൾ ഒന്നും പ്രദേശത്തില്ലാത്തതാണ് കാരണം. റാണിക്കല്ലും പരിസരവും സഞ്ചാരികളെ ആകർഷിക്കും വിധം മനോഹരമാക്കിയാൽ ഇവിടം സഞ്ചാരികളുടെ ഇടത്താവളമാകുമെന്ന് ഉറപ്പാണ്.
നേര്യമംഗലത്തുനിന്ന് ഹൈറേഞ്ചിലേക്കുള്ള റോഡ് നിർമാണത്തിന്റെ സ്മരണാർഥം 1935ൽ റാണി ലക്ഷ്മിബായി ആയിരുന്നു ഇവിടെ ഫലകം സ്ഥാപിച്ചത്. വാഹനങ്ങൾ നിർത്താനും ചിത്രങ്ങൾ പകർത്താനും വേണ്ടുവോളം ഇടമുള്ള റാണിക്കല്ലിന് സമീപം പേരിനെങ്കിലുമൊരു ഉദ്യോനം സ്ഥാപിച്ചാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് പുതിയൊരു അനുഭവവും അറിവുമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.