dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപും മൂന്ന് കൂട്ടുപ്രതികളും ഒളിപ്പിച്ച ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്നലെ വൈകിട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു.

തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്ന് നേരിട്ട് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയ പരിശോധനാ ഫലത്തിന്റെ പകർപ്പാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

പരിശോധനാഫലവും പ്രതികൾ നൽകിയ മൊഴികളും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളും ചേർത്ത് വിശകലനം ചെയ്തുവരികയാണ്. ദിലീപ് മുംബയിലെ സ്വകാര്യലാബിൽ പരിശോധനയ്ക്കയച്ച രണ്ട് ഫോണുകളിൽ കൃത്രിമം നടത്തിയോ എന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരും.

ഫോണുകളിലെ വിവരവും തെളിവുകളും ക്രോഡീകരിച്ചായിരിക്കും നാളെ ദിലീപിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരീ ഭർത്താവുമായി സുരാജ് എന്നിവരെ ചോദ്യം ചെയ്യുക. പിന്നീട് ദിലീപിനെ വിളിപ്പിക്കും. ദിലീപിന്റെ ഒരു ഫോണിൽ നിന്ന് 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നിൽ നിന്ന് ആറും. ഇവയാണ് ഫോർമാറ്റ് ചെയ്തെന്ന് സംശയിക്കുന്നത്.

 15 ദിവസം

ഈ മാസം നാലിനാണ് ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്. ഫോണുകളുടെ അൺലോക്ക് പാറ്റേണും കൈമാറിയിരുന്നു.

 രണ്ട് ഫോൺ

ക്രൈംബ്രാഞ്ചിന് ഇനി കിട്ടേണ്ടത് ദിലീപിന്റെ ഐ ഫോണടക്കം രണ്ട് മൊബൈലുകളാണ്. 2075 കാൾ വിളിച്ച ദിലീപിന്റെ ഐ ഫോൺ, സുരാജിന്റെ ഫോൺ എന്നിവയാണിവ. ഇവ കൈമാറാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

പരിശോധിച്ച ഫോണുകൾ

 ദിലീപ് - 3

 അനൂപ് - 2

 സുരാജ് - 1