
കൊച്ചി: തിങ്കളാഴ്ച മുഴുവൻ വിദ്യാർത്ഥികളും സ്കൂളിലെത്തുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണയജ്ഞം ആരംഭിച്ചു. അദ്ധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, യുവജനങ്ങൾ, വിവിധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഗ്രൗണ്ട്, ഭക്ഷണം കഴിക്കുന്ന മുറി, സ്കൂൾ ബസ് എന്നിവയാണ് പ്രധാനമായും ശുചീകരിച്ചത്. സ്കൂളുകൾ അണുനശീകരണം നടത്തുകയും കുടിവെള്ളം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ടി.എ എറണാകുളം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ഗവ. യു.പി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബെന്നി, എക്സിക്യൂട്ടിവ് അംഗം നിഷാദ് ബാബു എന്നിവർ പങ്കെടുത്തു.