
കൊച്ചി: സന്നദ്ധസംഘടനയായി രൂപമെടുക്കുകയും നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്ത് രാഷ്ട്രീയപ്പാർട്ടികളുടെ കണ്ണിലെ കരടായി മാറുകയും ചെയ്ത ട്വന്റി 20 യുടെ പേരിലുണ്ടായ സംഘർഷത്തിലെ രക്തസാക്ഷിയാണ് സി.കെ. ദീപു. കിഴക്കമ്പലം മേഖലയിൽ രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലപ്പെട്ട ആദ്യത്തെ വ്യക്തിയും.
കോൺഗ്രസും സി.പി.എമ്മും മാത്രമല്ല, എസ്.ഡി.പി.ഐ പോലുള്ള പാർട്ടികളും ശക്തമായ എതിർപ്പാണ് വർഷങ്ങളായി ട്വന്റി 20യോട് തുടരുന്നത്.
ട്വന്റി 20യുടെ ചീഫ് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നത് കിറ്റെക്സ് ഗ്രൂപ്പുകളുടെ ചെയർമാൻ സാബു എം. ജേക്കബാണ്.
കിറ്റെക്സിൽ സർക്കാർ ഏജൻസികൾ പരിശോധന നടത്തിയതിന് പിന്നിൽ പി.വി. ശ്രീനിജിൻ എം.എൽ.എയാണെന്ന് സാബു എം. ജേക്കബ് ആരോപിക്കുകയും 5,000 കോടി രൂപയുടെ വികസന പദ്ധതി തെലുങ്കാനയിലേക്ക് മാറ്റുകയും ചെയ്തതോടെ സർക്കാരും സി.പി.എമ്മും ഒരു വശത്തും ട്വന്റി 20 മറുവശത്തുമായുള്ള പോരാട്ടം രൂക്ഷമായി. കമ്പനി പൂട്ടിക്കാൻ എം.എൽ.എയും സി.പി.എമ്മും ശ്രമിക്കുന്നെന്ന ആരോപണം മുറുകി. ഇവരുടെ കൊമ്പുകോർക്കൽ ശക്തമായതോടെ കോൺഗ്രസ് ഉൾപ്പെടെ എതിരാളികൾ പിൻവലിഞ്ഞു.
കിറ്റെക്സിന്റെ കീഴിൽ രൂപം കൊണ്ട ട്വന്റി 20 എന്ന സംഘടന 2015ലെ തിരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികളെ തോൽപ്പിച്ച് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭരണം പിടിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിൽ മത്സരിച്ചു. കുന്നത്തുനാട്ടിലെ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ വി.പി. സജീന്ദ്രന്റെ തോൽവിക്കും എൽ.ഡി.എഫിലെ പി.വി. ശ്രീനിജിന്റെ വിജയത്തിനും കാരണമായത് ട്വന്റി 20യുടെ പ്രവർത്തനമാണ്.