1
ആനന്ദ് നാരായണനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തീരസംരക്ഷണസേന കപ്പലിൽ നിന്ന് കരയ്ക്കിറക്കുന്നു

ഫോർട്ട് കൊച്ചി: ബേപ്പൂരിന് പടിഞ്ഞാറ് കപ്പൽചാലിലൂടെ പോകുകയായിരുന്ന വിദേശ ചരക്കുകപ്പലിൽ വയറുവേദനകൊണ്ട് പുളഞ്ഞ ജീവനക്കാരന് ഇന്ത്യൻ തീരസംരക്ഷണ സേനയുടെ സഹായഹസ്തം.

എം.ടി.സൺഡോരോ കപ്പലിലെ ഇലക്ട്രോ ടെക്നിക്കൽ ഓഫീസറായ ആനന്ദ് നാരായണനാണ് സേന തുണയായത്. 18ന് വൈകിട്ടാണ് സംഭവം. കടുത്ത വയറുവേദനയെത്തുടർന്ന് ആനന്ദ് അവശനായി. കപ്പൽ അധികൃതരുടെ സഹായാഭ്യർത്ഥന മാനിച്ച് പാഞ്ഞെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സി- 144 എന്ന കപ്പൽ ആനന്ദിനെ ബേപ്പൂർ തുറമുഖത്തെത്തിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൾട്ടാ രജിസ്ട്രേഷനുള്ള കപ്പലാണ് എം.ടി സൺഡോരോ. രാസവസ്തുക്കളും - ഓയിലുമായി സിംഗപ്പുരിൽനിന്ന് ന്യൂമാംഗളൂരിലേയ്ക്ക് പോകുകയായിരുന്നു കപ്പൽ.

അസുഖം ഭേദമായതിനെത്തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ആനന്ദ് നാരായണനെ കപ്പലിന്റെ ഏജന്റായ അറ്റ്ലാന്റാ ഗ്ലോബൽ ഷിപ്പിംഗ് കമ്പനി അധികൃതരെ ഏൽപ്പിച്ചു.