fr-joseph-kalathiparambil
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി നവതി ആഘോഷം സെമിനാരി മുൻ വിദ്യാർത്ഥിയും വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയുമായ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർമ്മലീത്ത മിഷണറിമാരുടെ പ്രവർത്തനങ്ങൾ ഭാരതം എന്നും ഓർമ്മിക്കുമെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാരിയുടെ നവതിയാഘോഷം സഭയുടെ മാത്രമല്ല പൊതുസമൂഹത്തിന്റെകൂടി ആഘോഷമാണെന്നും ഇത് ഇരട്ടി മധുരം നൽകുന്നതായും ബിഷപ്പ് പറഞ്ഞു. ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറിമാരിൽ മംഗലപ്പുഴ സെമിനാരിയുടെ പൂർവ്വ വിദ്യാർത്ഥികളുമുണ്ട്. സെമിനാരി കമ്മിഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സീറോമലബാർ സഭ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യസന്ദേശം നൽകി. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ഫാ. യൂഹനോൻ മാർ തിയഡോഷ്യസ്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, അൻവർ സാദത്ത് എം.എൽ.എ, ഡോ. ജോജി കല്ലിങ്കൽ, എം.ഒ. ജോൺ, ഗൈൽസ് ദേവസി എന്നിവർ സംസാരിച്ചു.

1932ൽ ആലുവ മംഗലപ്പുഴയിൽ ആരംഭിച്ച സെമിനാരി 90 വർഷത്തിനിടയിൽ 5,000 വൈദികർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സെമിനാരി മികച്ച സംഭാവനകൾ നൽകി. നവതിയാഘോഷങ്ങളോടനുബന്ധിച്ച് സാമൂഹിക സാംസ്‌കാരിക നവീകരണ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് സെമിനാരി റെക്ടർ ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ അറിയിച്ചു.