പറവൂർ: മൂത്തകുന്നം - ഇടപ്പള്ളി ദേശീയപാത 66 നിർമ്മാണത്തിനായി ഭൂമിയേറ്റെടുക്കുന്ന സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് തിങ്കളാഴ്ച മുതൽ നഗരത്തിൽ നമ്പൂരിയച്ചൻ ആലിന് സമീപമുള്ള നളന്ദ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിക്കും. നന്ത്യാട്ടുകുന്നം അത്താണിയിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇവിടേക്ക് മാറ്റുന്നത്. രാവിലെ 11.30 ന് കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനയോഗം കളക്ടറുടെ നേതൃത്വത്തിൽ നടക്കും
നളന്ദ സിറ്റിസെന്ററിന്റെ 6,000 ചതുരശ്രയടിയുള്ള രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. ജനങ്ങൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായതിനാലാണ് ഇവിടേക്ക് മാറ്റുന്നത്. നന്ത്യാട്ടുകുന്നത്ത് ഇരുനിലകളിലുള്ള രണ്ട് കെട്ടിടങ്ങളിലായാണ് ജീവനക്കാർ പ്രവർത്തിച്ചിരുന്നത്. പുതിയ ഓഫീസിൽ എല്ലാ ജീവനക്കാർക്കും ഒരേ നിലയിൽത്തന്നെ ഇരിക്കാനും യോഗങ്ങൾ കൂടാനും സൗകര്യവുമുണ്ട്. നന്ത്യാട്ടുകുന്നത്തെ ഓഫീസിൽനിന്ന് ഫയലുകളും ഫർണിച്ചറും മാറ്റിത്തുടങ്ങി. ഒരു മാസത്തിനുള്ളിൽ കെട്ടിടത്തിൽ ലിഫ്റ്റ് സജ്ജമാകും.
ഇടപ്പള്ളി, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, പറവൂർ, വടക്കേക്കര, മൂത്തകുന്നം എന്നീ എട്ട് വില്ലേജുകളിൽ നിന്നാണ് ദേശീയപാത 66 നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കുന്നത്. മാർച്ച് അവസാനത്തോടെ എല്ലാ സ്ഥലം ഉടമകൾക്കും നഷ്ടപരിഹാരം നൽകി സ്ഥലം ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് ശ്രമം. രേഖകളെല്ലാം നൽകിയിട്ടും ഓഫീസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നതായി പരാതി ഉയർന്നിരുന്നു. പുതിയ സ്ഥലത്തേക്ക് ഓഫീസ് മാറ്റുന്നതോടെ വേഗത്തിൽ കാര്യങ്ങൾ ചെയ്യാനാകും. ജീവനക്കാർ കുറവായതിനാൽ ഓഫീസിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും തെറ്റുകൾ പൂർണമായും ഒഴിവാക്കി ഭൂവുടമകൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരംതന്നെ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഡെപ്യൂട്ടി കലക്ടർ കെ.പി. ജയകുമാർ പറഞ്ഞു.