വൈപ്പിൻ: ട്രാഫിക് ഒരു സംസ്‌കാരമാണെന്നും അതത് പ്രദേശത്തെ ജനജീവിതത്തിന്റെ മാന്യതയെ അത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. അപകടങ്ങൾ നിയന്ത്രിക്കാൻ മികച്ച ട്രാഫിക് സംസ്‌കാരം ആർജ്ജിക്കണം. മാതൃകാപരമാണ് വൈപ്പിനിൽ തുടക്കം കുറിച്ച റോഡ് സുരക്ഷാപദ്ധതി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ആദ്യ ബോധവത്കരണ പഠനക്ലാസ് ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷാപദ്ധതി സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കാൻ സാമൂഹിക സേവനരംഗത്തുള്ള സംഘടനകൾ മുന്നോട്ടുവരണമെന്ന് അദ്ധ്യക്ഷത വഹിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. അപകടരഹിതറോഡ് സുരക്ഷാ സത്യപ്രതിജ്ഞ എം.എൽ.എ ചൊല്ലിക്കൊടുത്തു. അശ്രദ്ധയും അച്ചടക്കമില്ലായ്മയും അപകടങ്ങൾക്ക് വലിയ തോതിൽ കാരണമാകുന്ന സാഹചര്യത്തിൽ ബോധവത്കരണയജ്ഞത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. അനന്തകൃഷ്ണൻ പറഞ്ഞു.
എം.വി.ഐ. എൻ. വിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, അഡ്വ. സുനിൽ ഹരീന്ദ്രൻ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ, എം.ജെ. ടോമി, ജോസി പി. തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിൻസ്, കല, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, ഷൈൻ ആന്റണി എന്നിവർ പ്രസംഗിച്ചു.