1
ആദർശ്

ചോ​റ്റാനിക്കര: ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ച് നഗ്‌നനാക്കി ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗ സംഘത്തെ ചോ​റ്റാനിക്കര പൊലീസ് പിടികൂടി. ആമ്പല്ലൂർ മടപ്പിള്ളിൽ ആദർശ് ചന്ദ്രശേഖരൻ(25), ഭാര്യ കാശ്മീര (22), മാമല വലിയപറമ്പിൽ ഫ്രെഡിൻ ഫ്രാൻസിസ്(22), മുളന്തുരുത്തി പെരുമ്പിള്ളി മങ്ങാട്ടുപറമ്പിൽ ലബീബ് ലക്ഷ്മണൻ(22), ചോ​റ്റാനിക്കര അമ്പാടിമല വടക്കേമലയിൽ വിശ്വാസ്(42) എന്നിവരാണ് അറസ്​റ്റിലായത്. പ്രതികളുടെ കയ്യിൽ നിന്ന് 50000 രൂപയും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും പിടിച്ചെടുത്തു.

കഴിഞ്ഞ 14നു രാത്രിയാണ് സംഭവം. കണയന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഒ​റ്റയ്ക്കായിരുന്ന ഇയാളുടെ കഴുത്തിൽ കത്തിവച്ച് വസ്ത്രങ്ങൾ മാ​റ്റി ഫോണിൽ ചിത്രങ്ങൾ പകർത്തി. കൈവശമുണ്ടായിരുന്ന 5500 രൂപയും 2 ലക്ഷം രൂപയുടെ ചെക്കും എഴുതി വാങ്ങി. പി​റ്റേന്ന് ബാങ്കിലെത്തി തുക പിൻവലിച്ചു. മൊബൈൽ കൈവശപ്പെടുത്തിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥിന്റെ മേൽനോട്ടത്തിൽ ചോ​റ്റാനിക്കര ഇൻസ്‌പെക്ടർ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണു പ്രതികളെ പിടികൂടിയത്. ആദർശ് ഒട്ടേറെ ലഹരി കടത്ത് കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. എസ്‌.ഐ മാരായ കെ.കെ. മോഹനൻ, വി. വിജയകുമാർ, വി.ടി. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എ. യോഹന്നാൻ, വി.എ. ഗിരീഷ്, കെ.വി. ദീപു, എസ്.എ. മഞ്ജുശ്രീ, പി. ഷീജ, സിവിൽ പൊലീസ് ഓഫിസർമാരായ വിനു ഏബ്രഹാം, എ.എ. അജ്മൽ, ഇ.ബി. അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.