കൊച്ചി​: പള്ളുരുത്തി​ അഴകി​യകാവ് ക്ഷേത്രക്കുളം എം.പി​ ഫണ്ട് ഉപയോഗി​ച്ച് പുനരുദ്ധരിച്ചതി​നെക്കുറി​ച്ച് അന്വേഷണം. കേന്ദ്രമന്ത്രിയായിരിക്കെ പ്രൊഫ. കെ.വി.തോമസ് എം.പി​യുടെ ഫണ്ടി​ൽ നി​ന്ന് 30 ലക്ഷവും കൊച്ചി​ കോർപ്പറേഷന്റെ തനത് ഫണ്ടി​ൽ നി​ന്ന് 20 ലക്ഷവും രൂപ ഉപയോഗി​ച്ച് 2014-15 കാലത്തായിരുന്നു നവീകരണം.

ക്ഷേത്രക്കുളം പൊതുകുളമെന്ന് ചി​ത്രീകരി​ച്ച് എം.പി​.ഫണ്ടും കോർപ്പറേഷൻ ഫണ്ടും ദുരുപയോഗം ചെയ്തെന്നാണ് ക്ഷേത്രഭൂമി സംരക്ഷണസമിതിയുടെ പരാതി​. കുളം നവീകരിച്ചത് ക്ഷേത്രപുനരുദ്ധാരണ സമിതിയാണെന്നും ഇവർ അവകാശപ്പെടുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരി​ന്റെ പ്രോഗ്രാം ഇംപ്ളി​മെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണി​റ്ററിംഗ് വി​ഭാഗം ജി​ല്ലാ പ്ളാനിംഗ് വി​ഭാഗത്തി​ൽ നി​ന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. നി​ർവഹണ ഏജൻസി​യായ കൊച്ചി​ കോർപ്പറേഷന്റെ സെക്രട്ടറിയുടെ വിശദീകരണം സർക്കാർ സ്വീകരിച്ചില്ല. കഴിഞ്ഞ നവംബർ 16ന് രണ്ടാമത് സമർപ്പിച്ച റിപ്പോർട്ടും തൃപ്തികരമല്ലാത്തതിനാൽ ജി​ല്ലാ പ്ളാനിംഗ് വി​ഭാഗം മടക്കി. പൊതുആവശ്യത്തി​നല്ലാതെ എം.പി​ ഫണ്ട് ഉപയോഗി​ക്കാൻ പാടി​ല്ലെന്നാണ് ചട്ടം. മതസ്ഥാപനങ്ങളി​ൽ എം.പി​ ഫണ്ട് വി​നി​യോഗം നി​ഷി​ദ്ധവുമാണ്. ശ്മശാനഭൂമി​ക്ക് മാത്രമാണ് ഇതി​ൽ ഇളവ്.

രേഖകളി​ലെല്ലാം തന്നെ ക്ഷേത്രക്കുളത്തി​ന് പകരം പള്ളുരുത്തി​ പൊലീസ് സ്റ്റേഷന് മുന്നി​ലുള്ള പൊതുകുളം എന്നാണ് സൂചി​പ്പി​ച്ചി​ട്ടുള്ളത്. സർവേ നമ്പറും തെറ്റാണ്. കെ.വി​.തോമസ് എം.പി​ 2013ൽ കൊച്ചി​ മേയർക്ക് നൽകി​യ കത്തി​ലും പൊതുകുളമെന്നാണ് പരാമർശം.

 അഴകി​യകാവ് ക്ഷേത്രക്കുളം

കൊച്ചി​ൻ ദേവസ്വം ബോർഡി​ന് കീഴിലാണ് പ്രശസ്തമായ അഴകി​യകാവ് ഭഗവതി​ ക്ഷേത്രം. സമീപത്തെ കോതകുളങ്ങര, മാരംപി​ള്ളി​, വി​ഷ്ണുഅമ്പലം ക്ഷേത്രങ്ങളി​ലെ ആറാട്ടും നടക്കുന്നത് ഈ കുളത്തി​ലാണ്. ചെളി കോരി, ചുറ്റുമുള്ള കൽക്കെട്ട് പുനരുദ്ധരിച്ച് സംരക്ഷണഭിത്തി കെട്ടുന്നതായിരുന്നു ജോലി.

 പിന്നിൽ ദുരുദ്ദേശ്യം

ക്ഷേത്രഭൂമി റവന്യൂ പുറമ്പോക്കാണെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിതശ്രമങ്ങളുടെ ഭാഗമാണ് ഈ ഫണ്ട് ദുർവിനിയോഗം. ആറ് കോടിയിലേറെ മുടക്കി നടന്ന ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രക്കമ്മിറ്റി തന്നെയാണ് കുളം പുനരുദ്ധരിച്ചത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. പൊതുഫണ്ട് ദുർവിനിയോഗം ചെയ്തവരെ വെറുതേവിടരുത്.

പി.സി.ഉണ്ണികൃഷ്ണൻ

സെക്രട്ടറി,

അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി

 ആരോപണം ബാലിശം

നാശോന്മുഖമായി കിടന്ന ക്ഷേത്രക്കുളത്തിൽ 57പേർ മുങ്ങി മരിച്ചിട്ടുണ്ട്. ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് 12ാം വാർഡ് കൗൺസിലറായിരുന്നപ്പോൾ പുനരുദ്ധാരണത്തിന് ശ്രമിച്ചത്. നീർത്തടസംരക്ഷണ പദ്ധതിപ്രകാരം ഫണ്ടും പാസായി. 420 മീറ്റർ ചുറ്റളവുള്ള കുളം സേലത്ത് നിന്ന് വിദഗ്ദ്ധരെ കൊണ്ടുവന്നാണ് പുനരുദ്ധരിച്ചത്. ആരോപണങ്ങളിലൊന്നും ഒരു കഴമ്പുമില്ല. കുളം ക്ഷേത്രത്തിന്റേത് തന്നെയാണ്.

എം.ത്യാഗരാജൻ

മുൻകൗൺസിലർ